..
സി പി ഐ (എം ) രൂപീകരണം മുതൽ പോളിറ്റ്ബ്യൂറോ അംഗവും, സി ഐ ടി യു അഖിലേന്ത്യ വൈസ് പ്രസിഡന്റും തുടർച്ചയായി രണ്ട് ദശാബ്ദത്തിലേറെ പ. ബംഗാൾ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമര നേതാവുമായിരുന്ന സ. ജ്യോതി ബാസുവിന്റെ 112 ആം ജന്മ ദിന വാർഷികമാണ് ഇന്ന്.
ചരിത്ര പ്രധാനമായ ഒരു കാലഘട്ടത്തിൽ ബംഗാളിനെ നയിച്ച നേതാവ്. ഒട്ടേറെ കൊലപാതക ആക്രമണങ്ങളിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട സഖാവ്. പ്രധാന മന്ത്രി ആകാനുള്ള ക്ഷണം പാർട്ടി നിർദേശമനുസരിച്ച് നിരാകരിച്ച സഖാവ്.
ഒരിക്കൽ കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനിയിൽ വെച്ചും പിന്നീട് പാർട്ടി കോൺഗ്രസ് / സി ഐ ടി യു അഖിലേന്ത്യ സമ്മേളനങ്ങൾ എന്നിവയിൽ വെച്ചും സഖാവിന്റെ ഉജ്ജ്വല പ്രസംഗങ്ങൾ കേൾക്കാൻ സന്ദർഭം ലഭിച്ചു.
നേരിട്ട് കണ്ടു സംസാരിച്ച ഒരു സന്ദർഭവും ഓർമ വരുന്നു. ടെലികമ്യൂണിക്കേഷൻ മേഖലയിൽ സ്വകാര്യ കമ്പനികൾ
ഇടപെട്ട് തുടങ്ങിയ കാലം. പല സംസ്ഥാനങ്ങളിലും അവർ സ്വാധീനം ചെലുത്തുന്ന ഘട്ടം.
സമ്മേളനത്തിന്റെ ഇടവേളയിൽ നേതാക്കൾ ഇറങ്ങുന്നതിനിടെ സ്റ്റേജിൽ കയറി, ബംഗാൾ സർക്കാർ ആഫീസുകളിൽ പൂർണമായും സർക്കാർ / ബി എസ് എൻ എൽ സർവീസുകൾ നിലനിർത്തണമെന്ന് അഭ്യർത്ഥിച്ചു. തികച്ചും അനുകൂലമായ മറുപടിയും കിട്ടി. അടുത്തുണ്ടായിരുന്ന ത്രിപുര മുഖ്യ മന്ത്രി സ. മണിക്ക് സർക്കാറിനോടും അതേ അഭ്യർത്ഥന. അദ്ദേഹവും സമ്മതിച്ചു. ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ തീരുമാനം നൽകുകയായിരുന്നു രണ്ട് പേരും. തൊഴിലാളിമാർക്ക് എല്ലാ പിന്തുണയും നൽകിയ നേതാക്കൾ.
സഖാവ് ജ്യോതി ബാസുവിന്റെ 112 ആം ജന്മ വാർഷികത്തിൽ ഒരു പിടി രക്ത പുഷ്പങ്ങൾ!
പുതിയ കാലത്തിന്റെ വെല്ലുവിളികൾ നേരിടുന്നതിന്നു പഴയ കാല പോരാട്ടങ്ങൾ തീർച്ചയായും
പ്രചോദനമേകും…
വി എ എൻ 08.07.2026