ജൂലൈ 11 – കേന്ദ്ര ഭരണാധികാരികളെ വാൾ മുനയിലാക്കിയ രണ്ട് പണിമുടക്കുകൾ..
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന്ന് അന്ത്യം കുറിക്കുന്നതിൽ നിർണായക പങ്കു വഹിച്ച 1946 ലെ നാവിക കലാപത്തെ പോലെ തന്നെ പ്രാധാന്യമർഹിക്കുന്ന, 24 ദിവസം നീണ്ടു നിന്ന കമ്പി – തപാൽ ജീവനക്കാരുടെ പണിമുടക്കിന്റെ എൺപതാം വാർഷിക ദിനമാണ് 2026 ജൂലൈ 11. അതോടൊപ്പം, ലക്ഷക്കണക്കിന് കേന്ദ്രജീവനക്കാർ പങ്കെടുത്ത 1960 ലെ അനിശ്ചിത കാല
പണിമുടക്കിന്റെ അറുപത്തിയാറാം വാർഷികവും.
ശോചനീയമായ സേവന വേത നവ്യവസ്ഥക്കും താങ്ങാനാവാത്ത ജോലി ഭാരത്തിന്നും എതിരെ, ഏറ്റവും മിതവും ന്യായവുമായ ആവശ്യങ്ങൾ ഉന്നയിച്ച്കൊണ്ട് ആൾ ഇന്ത്യ പോസ്റ്റ്മെൻ & ലോവർ ഗ്രേഡ് യൂണിയൻ 1946 ജൂലൈ 11ന്ന് ബോംബയിൽ ആരംഭിച്ച പണിമുടക്കം ദിവസങ്ങൾക്കകം ഇന്ത്യയിലാകെ പടർന്നു പിടിച്ചു. പോസ്റ്റ്മെൻ പണിമുടക്കം മുഴുവൻ കമ്പി – തപാൽ ജീവനക്കാരുടെയും പണിമുടക്കമായി മാറാൻ അധിക ദിവസം
വേണ്ടി വന്നില്ല. സർവീസുകൾ നിശ്ചലമാകാനും.
തങ്ങളുമായി അടുത്ത സമ്പർക്കമുള്ള ഇഡി – പോസ്റ്റുമാൻമാരുടെ ദയനീയ സ്ഥിതി അറിയാവുന്ന പൊതുജനങ്ങൾ പണിമുടക്കിന്ന് എല്ലാവിധ പിന്തുണയും നൽകി. അന്നത്തെ ഏക പ്രമുഖ ട്രേഡ് യൂണിയനായ എ ഐ ടി യു സിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും അനുഭാവ പണിമുടക്കം പ്രഖ്യാപിച്ചു.
1946 ജൂലൈ 23ന്ന് ബോംബെ സംസ്ഥാനത്തിൽ നടന്ന പൊതുപ ണിമുടക്കിലും നഗരത്തിൽ നടന്ന വൻ പ്രകടനത്തിലും ലക്ഷങ്ങൾ പങ്കാളികളായി. ജൂലൈ 28 ന്ന് അവിഭക്ത മദിരാശി സംസ്ഥാനത്തിലും പണിമുടക്കവും പ്രകടനവും സംഘടിക്കപ്പെട്ടു. വാഹന സൗകര്യം പോലും ഇല്ലാത്ത സാഹചര്യത്തിൽ പോസ്റ്റ് ഓഫീസുകൾ അവധിയാണെന്ന് പോസ്റ്റുമാസ്റ്റർ ജനറൽ ഉത്തരവുമിറക്കി. പണിമുടക്കിയ കോഴിക്കോട്ടെ തൊഴിലാളിമാരിൽ ഒരു വിഭാഗം കമ്മ്യൂണിസ്റ്റ് നേതാവ് സ. പി. കൃഷ്ണ പിള്ളയുടെ നേതൃത്വത്തിലും മറ്റൊരു വിഭാഗം കോൺഗ്രസ് നേതാവും പിന്നീട് മദിരാശി മന്ത്രിയുമായ ശ്രീ കോഴിപ്പുറത്തു മാധവമേനോന്റെ നേതൃത്വത്തിലും നഗരത്തിൽ പ്രകടനം നടത്തി.
എ ഐ ടി യു സി ആഹ്വാനമനുസരിച്ച് ബംഗാൾ – അസ്സം സംസ്ഥാനങ്ങളിൽ ജൂലൈ 29 ന്നു നടന്ന പൊതു പണിമുടക്കത്തിൽ 15 ലക്ഷം പേർ പങ്കെടുത്തു. കട കമ്പോളങ്ങളെല്ലാം അടഞ്ഞു കിടന്നു. ബസുകൾ, ടാക്സികൾ, കാറുകൾ, റിക്ഷകൾ ഒന്നും നിരത്തിലിറങ്ങിയില്ല. സെക്രട്ടേറിയറ്റ്, കോടതികൾ, കോളേജുകൾ ഒന്നും പ്രവർത്തിച്ചില്ല. ബന്ദിന്റെ പ്രതീതി. വിദ്യാർഥികളും തൊഴിലാളിമാരും എല്ലാം ഒറ്റക്കെട്ടായി നഗരത്തിൽ നടന്ന വൻ പ്രകടനത്തിലും റാലിയിലും പങ്കെടുത്തു. കൽക്കത്ത നഗരം അന്നേ വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പ്രകടനമായിരുന്നു അതെന്നു അതിന്ന് നേതൃത്വം നൽകിയ സ. ജ്യോതി ബാസു പിന്നീട്
പ്രസ്താവിക്കുകയുണ്ടായി. എ ഐ ടി യു സി പ്രസിഡന്റും സമര സമിതി നേതാവുമായ സ മൃണാൾ കാന്തി ഘോഷ് തന്റെ ഉജ്ജ്വല പ്രസംഗത്തിൽ ജീവനക്കാരുടെ അവകാശങ്ങൾ അടിയന്തിരമായി അംഗീകരിക്കുവാൻ സർക്കാറിനോട് ആവശ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തോട് ബന്ധപ്പെട്ടു കൽക്കത്തയിലെത്തിയിരുന്ന അമേരിക്കൻ സൈനികർ പോലും സമര സമിതിക്ക് പണം സംഭാവന ചെയ്തത് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.
മൊബൈൽ അടക്കമുള്ള ആധുനിക കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ ഒന്നുമില്ലാത്ത അന്ന് കമ്പി – തപാൽ മേഖലയിലെ പൂർണ പണിമുടക്കം ഭരണത്തെ തന്നെ സാരമായി ബാധിച്ചു. കേന്ദ്ര സർക്കാർ നിർദേശമനുസരിച്ച് പി & ടി ഡയറക്ടർ ജനറൽ, കോൺഗ്രസ് നേതാവ് ശ്രീ ബി ജി ഖേറിന്റെ സാന്നിധ്യത്തിൽ യൂണിയൻ നേതാക്കളുമായി ബോംബെയിൽ വെച്ച് ചർച്ച നടത്തുകയും ഉന്നയിച്ച 12 മുഖ്യ ആവശ്യങ്ങളും അംഗീകരിച്ച് കൊണ്ട് പണിമുടക്കം ഒത്തുതീർപ്പാക്കുകയും ചെയ്തു. ശമ്പള പരിഷ്കരണം, ലോവർ ഗ്രേഡ് ജീവനക്കാർക്കും പെൻഷൻ, പ്രൊമോഷൻ % വർധിപ്പിക്കൽ, അവധി ദിവസങ്ങൾ, ലീവ് എന്നിവയിൽ ലോവർ ഗ്രേഡ് ജീവനക്കാർക്ക് മേലുദ്യോഗസ്ഥന്മാരുമായി തുല്യത, തുടങ്ങിയവയെല്ലാം അംഗീകരിക്കപ്പെട്ടു. അതോടൊപ്പം അടിയന്തര ആശ്വാസമായി 5 രൂപ ‘ സൽസ്വഭാവ അലവൻസ് ‘ എന്ന പേരിൽ നൽകുകയുമുണ്ടായി. ബംഗാളിൽ നിന്നുള്ള സമര നേതാക്കളെ ബോംബെയിലേക്ക് കൊണ്ടുവരുന്നതിന്നു വിമാന സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. ഒന്നാം ശമ്പള കമ്മീഷൻ നിയമിക്കപ്പെട്ടതും ഈ കാലഘട്ടത്തിലാണ്. ബംഗാളിൽ സമരത്തിന് നേതൃത്വം കൊടുത്തവരിൽ പിന്നീട് എൻ എഫ് പി ടി ഇ യുടെ ആദ്യ സെക്രട്ടറി ജനറലായ ദാദാ ഘോഷും കെ ജി ബോസും ഉൾപ്പെടും.
സമരം ഒത്തുതീർപ്പായി ഒരു മാസത്തിന്നിടയിലാണ് ജവാഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപകരിച്ചത് എന്നതും ചരിത്രം. ബ്രിട്ടീഷ് സാമ്രാജ്യത്തിന്ന് അവസാനം ലഭിച്ച ചവിട്ടായി കമ്പി – തപാൽ പണിമുടക്കം.
സ്വതന്ത്ര ഇന്ത്യയിലാദ്യമായി നടന്ന കേന്ദ്രജീവനക്കാരുടെ അനിശ്ചിത കാല പണിമുടക്കം ആരംഭിച്ചത് 1946 പണിമുടക്കിന്റെ 14 ആം വാർഷികമായ 1960 ജൂലൈ 11 ന്നാണ്. രണ്ടാം ശമ്പള കമ്മീഷന്റെ പ്രതിലോമ ശിപാർശ കൾക്കെതിരായി, ആവശ്യാധിഷ്ഠിത മിനിമം വേതനം, ജീവിത വിലസൂചികയുടെ വർധനവനുസരിച്ച് ക്ഷാമബത്ത തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടായിരുന്നു റെയിൽവേ, പ്രതിരോധം, കമ്പി – തപാൽ അടക്കമുള്ള മുഴുവൻ കേന്ദ്ര സർവീസുകളിലെയും അനിശ്ചിതകാല പണിമുടക്കം.
പണിമുടക്കിനെ തകർക്കാൻ രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ചഅവശ്യ സർവീസ് സംരക്ഷണ ഓർഡിനൻസ് പ്രകാരം പണിമുടക്കുന്നവർക്ക് ആറുമാസം കഠിന തടവും 500 രൂപ പിഴയും, പണിമുടക്കിന് പ്രേരിപ്പിക്കുന്നവർക്ക് ഒരു വർഷം കഠിന തടവും 1000 രൂപ പിഴയും!
നിയമാനുസൃതമായി പണിമുടക്ക് നോട്ടീസ് നൽകിയിട്ടും, ഭീഷണി മുഴക്കിയതല്ലാതെ യാതൊരു ചർച്ചക്കും സർക്കാർ തെയ്യാറായില്ല. ജൂലൈ 11 ന്നു പണിമുടക്കിന്ന് അല്പം മണിക്കൂറുകൾക്ക് മുൻപ് പ്രധാന മന്ത്രി ജവാഹർലാൽ നെഹറു വിളിച്ചു ചേർത്ത ചർച്ചയിൽ ഒത്തു തീർപ്പായില്ലെന്നു മാത്രമല്ല, ചർച്ചക്കെത്തിയ നേതാക്കന്മാരെ കൈച്ചങ്ങലയിട്ട് ഡൽഹി തെരുവുകളിലൂടെ നടത്തി തിഹാർ ജയിലിൽ അടക്കുകയായിരുന്നു.
പണിമുടക്കിനിറങ്ങിയ തൊഴിലാളിമാരെ അപമാനിച്ചു കൊണ്ട് ‘കഴുതപ്പുറത്തു കയറാൻ കഴിയാത്തവരാണ് കുതിരപ്പുറത്തു കയറാൻ പോകുന്നത് ‘ എന്ന് പോലും അപമാനിച്ചു പ്രസ്താവന ഇറക്കുവാൻ പണ്ഡിറ്റ്ജിക്ക് മടിയുണ്ടായില്ല.
ജൂലൈ 11 അർദ്ധ രാത്രി പണിമുടക്ക് ആരംഭിച്ചതോടെ തീവണ്ടികൾ നീങ്ങാതായി, കമ്പി – തപാൽ സർവീസുകൾ – എല്ലാം നിശ്ചലമായി. കേന്ദ്ര ആഫീസുകൾ പൂട്ടിക്കിടന്നു.
ബ്രിട്ടീഷ് സർക്കാർ പോലും കാണിക്കാത്ത ക്രൂരതയാണ് സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികൾ കൈക്കൊണ്ടത്. സമരത്തെ പിന്തുണച്ച എം പി മാരടക്കമുള്ള രാഷ്ട്രീയ നേതാക്കന്മാരും പതിനായിരക്കണക്കിന് ജീവനക്കാരും അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിലായി. നോട്ടീസ് പോലും നൽകാതെ തൊഴിലാളിമാർ പിരിച്ചു വിടപ്പെട്ടു. പലരും സസ്പെന്ഷനിൽ. ഒളിവിൽ പോയവരെ അറസ്റ്റ് ചെയ്യാൻ താമസ സ്ഥലങ്ങളിൽ കയറിയിറങ്ങുന്ന പോലീസുകാരെ സഹായിക്കാൻ യൂത്ത് കോൺഗ്രസ്സുകാരും.
കോഴിക്കോട് ടെലിഫോൺ എക്സ്ചേഞ്ചിലെ 40 വനിതാ ടെലിഫോൺ ഓപ്പറേറ്റർമാരെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. മുലകുടി മാറാത്ത കുഞ്ഞടക്കമുള്ള വനിതാ ജീവനക്കാരെ തൃശൂരിലും കസ്റ്റഡിയിലെടുത്തു. ഇന്ത്യയിൽ മിക്ക സ്ഥലത്തും സ്ഥിതി ഇത് തന്നെ. യൂണിയനുകളുടെ അംഗീകാരവും പിൻവലിക്കപ്പെട്ടു.
പണിമുടക്കിയവർക്കെതിരെ വെടി യുതിർത്തതിനെ തുടർന്ന് ഗുജറാത്തിലെ ദോഹാദിൽ 5 റെയിൽവേ സഖാക്കൾ രക്തസാക്ഷികളായി. റെയിൽവേ ട്രാക്ക് സംരക്ഷണത്തിനിടെ ഒരു പോലീസുകാരനും 8 വളന്റിയർമാരും കൊല്ലപ്പെട്ടു. പിരിച്ചു വിടലിൽ മനം നൊന്ത് പാലക്കാട് ടെലിഫോൺ ഓപ്പറേറ്റർ ഏകാംബരം ആത്മഹത്യ ചെയ്തു. ദിവസങ്ങളോളം ക്രൂരമായ ജയിൽവാസത്തിൽ രോഗം മൂർച്ഛിച്ചു കോട്ടയത്തെ പോസ്റ്റുമാൻ ടി കെ വർക്കി മരണമടഞ്ഞു.
പാർലമെന്റിൽ നൽകിയ കണക്കുകളനുസരിച്ച് പിന്തുണ നൽകിയ 2359 പേരടക്കം 17,780 പേർ അറസ്റ്റിലായി. കേരളത്തിൽ 1391 പേർ. ഒട്ടേറെ പേർ പിരിച്ചു വിടപ്പെട്ടു. പണിമുടക്കിയവർക്ക് ഡൈസ് നോണിന്ന് പുറമെ ചാർജ് ഷീറ്റും കടുത്ത ശിക്ഷകളും. യഥാർത്ഥ കണക്കുകൾ ഇതിനും എത്രയോ മേലെ.
പ്രതികാര നടപടികളിൽ പിടിച്ചു നിൽക്കാനാകാതെ അഞ്ചാം ദിവസം, ജൂലൈ 16 ന്ന് വൈകുന്നേരം തിഹാർ ജയിലിലുള്ള നേതാക്കൾ കൂടിയാലോചിച്ചു പണിമുടക്കം പിൻവലിച്ചു.
പണിമുടക്കം നേരിട്ട രീതിയെ എതിർത്ത്
എ കെ ഗോപാലൻ, എസ് എം ബാനർജി, നാഥ് പൈ, എ ബി വാജ്പൈ, ഇന്ദ്രജിത് ഗുപ്ത, പ്രഭാത്കർ, പാർവതി കൃഷ്ണൻ തുടങ്ങി 30 ലേറെ എം . പി മാർ പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കുകയും പിരിച്ചു വിട്ടവരെ അടിയന്തിരമായി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 17ഉം 18 ഉം ഇന്ത്യൻ ലേബർ കോൺഫറൻസുകളിലും പ്രശ്നം ഉന്നയിക്കപ്പെട്ടു.
ഏകദേശം നാല് വർഷത്തിനകം എല്ലാവരെയും തിരിച്ചെടുക്കുകയും യൂണിയനുകളുടെ അംഗീകാരം പുൻസ്ഥാപിക്കുകയുമുണ്ടായി. ക്ഷാമ ബത്ത പ്രശ്നം പരിഹരിക്കുവാൻ ദാസ് കമ്മീഷനും, തുടർന്നു ഗജേന്ദ്ര ഗാഡ്കാർ കമ്മീഷനും, നിയമിക്കപ്പെട്ടു . സംയുക്ത കൂടിയാലോചന സമിതികൾ രൂപീകരിക്കപ്പെട്ടു.
വാഗ്ദത്തങ്ങൾ പാലിക്കാത്ത സാഹചര്യത്തിലും കൂടിയാലോചന സമിതികൾ പരാജയപ്പെട്ടതിനെ തുടർന്നും 1968 സെപ്റ്റംബർ 19 ന്നും, പിന്നീട് 1974ൽ മൂന്നാഴ്ച്ച നീണ്ടു നിന്ന റെയിൽവേ പണിമുടക്കവും നടത്തപ്പെട്ടു.
ത്യാഗപൂർണമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഒന്നൊന്നായി നിഷേധിക്കുകയാണ് കേന്ദ്ര ബി ജെ പി സർക്കാർ. ബി എസ് എൻ എൽ അടക്കം പൊതുമേഖലകൾ ഒന്നുകിൽ സ്വകാര്യവൽക്കരിക്കുകയോ അല്ലെങ്കിൽ തകർക്കപ്പെടുകയോ ചെയ്യുന്നു. നേടിയെടുത്ത 29 ഓളം തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കി, നാല് തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ നടപ്പാക്കിക്കഴിഞ്ഞു. നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് നാട്ടിന്റെ അന്നദാതാക്കളായ കർഷകർ. ആഗോള വൽക്കരണ- ഉദാരവൽക്കരണ – സ്വകാര്യ വൽക്കരണ
നയങ്ങൾക്കെതിരായി 2026 ഫെബ്രുവരി 12 ന്ന് കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ 25 കോടിയിലേറെ തൊഴിലാളിമാർ പങ്കെടുത്തുവെന്നത് സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടം അതിശക്തമായി തുടരും എന്നുള്ളതിന്റെ സൂചന കൂടിയാണ്.
പെൻഷനും പെൻഷൻ ആനുകൂല്യങ്ങളും ഇല്ലാതാക്കുവാനുള്ള നീക്കത്തിന്റെ ഭാഗമായി പാർലിമെന്റ് അംഗീകരിച്ച പെൻഷൻ വാലിഡിയേഷൻ ആക്ടിന്നെതിരെ കേന്ദ്ര പെൻഷൻകാർ സമരത്തിലാണ്.
തൊഴിലാളിമാർക്കെതിരെയുള്ള കടന്നാക്രമണങ്ങളെ ചെറുത്തു തോൽപിക്കാനുള്ള യോജിച്ച പോരാട്ടങ്ങൾക്ക് 1946 – 1960 പണിമുടക്കുകളുടെയും രക്ത സാക്ഷികളുടെയും ഓർമ്മകൾ പ്രചോദനമാകും.
വി എ എൻ നമ്പൂതിരി.
