ഓർമ്മ ദേവി കുറച്ചു കാലമായി കടുത്ത പിണക്കത്തിലാണ്.

പണ്ടും വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. കുട്ടിക്കാലത്തു പരീക്ഷയുടെ അടുത്ത ദിവസങ്ങളിലാണ് കാര്യമായ പഠിപ്പ്. പദ്യങ്ങൾ മനഃപാഠമാക്കുന്നത് പരീക്ഷാ ഹാളിലേക്ക് കടക്കുന്നതിന്ന് തൊട്ടു മുൻപ്. ആദ്യം എഴുതുന്നത് അത് തന്നെ. പിന്നെ സമാധാനമായി. ഓർമ്മ ദേവിക്ക് എന്ത് വേണമെങ്കിലും ആവാം.

ജോലി കിട്ടി യൂണിയൻ പ്രവർത്തനമെല്ലാം തുടങ്ങിയത് ഓർമ്മ ദേവിക്ക് സന്തോഷമായെന്നു തോന്നുന്നു. സംഘടനാ പ്രവർത്തകരുടെ പേരും സ്ഥലവും പ്രശ്നങ്ങളും നിയമങ്ങളും എല്ലാം വിരൽത്തുമ്പിൽ. ഫോണിൽ ശബ്ദം കേൾക്കുമ്പോൾ ആളെ തിരിച്ചറിയുന്നു. രണ്ട്‌ മണിക്കൂറോ, വേണ്ടി വന്നാൽ അതിലധികമോ സമയം വിവിധ പ്രശ്നങ്ങളെക്കുറിച്ച്, കുറിപ്പുകൾ നോക്കാതെ സംസാരിക്കാം.

ഓർമദേവിയുമായി നല്ല സൗഹൃദം. ഓരോ ദിവസവും നിർവഹിക്കേണ്ട കാര്യങ്ങൾ ഓർമദേവി പറഞ്ഞു തരും.

പക്ഷെ കുറച്ചു വർഷങ്ങളായി വീണ്ടും ഓർമ്മ ദേവി കടു കടുത്ത പിണക്കത്തിൽ. സുഹൃത്തുക്കളെ കണ്ടാൽ അറിയാം. പക്ഷെ പേർ കിട്ടാൻ സമയം പിടിക്കും. ചിലപ്പോൾ മണിക്കൂറുകൾ. ചിലപ്പോൾ ദിവസങ്ങൾ. മരുന്നു കഴിക്കാൻ മറക്കും.

പരിപാടികൾ ഡയറിയിൽ കുറിക്കുന്നത് കൊണ്ട് വിഷമമില്ല. ഇതറിയാവുന്ന അടുത്ത സഖാക്കൾ ( പരേതനായ സ. പി വി സി അടക്കം ) ഒരു കാര്യം പറഞ്ഞാൽ അത് ഡയറിയിൽ കുറിച്ചിട്ടോ എന്ന് വീണ്ടും വീണ്ടും അന്വേഷിക്കും.

പണ്ട് ലോക്കൽ എക്സ്ചേഞ്ചിൽ ജോലിയെടുക്കുമ്പോൾ ഒച്ച കേട്ടു നൂറോളം ഉപഭോക്താക്കളെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, ഇപ്പോൾ മൊബൈലിൽ പേർ ഇല്ലെങ്കിൽ പെട്ടെന്ന് മനസ്സിലാക്കാൻ ഓർമ്മ ദേവി സഹായിക്കുന്നില്ല.

പ്രസംഗിക്കാൻ പലപ്പോഴും കുറിപ്പുകൾ വേണം. അല്ലെങ്കിൽ കാട് കയറിപ്പോകും.

ഓർമദേവിയെ സന്തോഷിപ്പിക്കാൻ എന്താണാവോ ചെയ്യേണ്ടത്? അതല്ല ദിവസങ്ങൾ കഴിയുമ്പോൾ മുമ്പൊരിക്കലെന്ന പോലെ പിണക്കം കഴിഞ്ഞു കൂടെ വരുമോ എന്തോ?

ഞാൻ ശുഭാപ്തി വിശ്വാസിയാണ്. ഓർമദേവി കടാക്ഷിക്കുമെന്ന് കരുതാം.

വി എ എൻ 03.03.2025

( picture of Mnemosyne – Goddess of Memory )

May be an illustration of 1 person

All reactions: