നടനില്ലാതെയും നാടകം നടക്കും
ഏകദേശം 25 വർഷം മുമ്പാണ്.സംഘടനാ കാര്യങ്ങൾക്കായി താമസം ഡൽഹിയിലേക്ക് മാറ്റിയ കാലം. ടെലികോം വകുപ്പിനെ കോർപറേഷൻ ആക്കാനുള്ള സർക്കാരിന്റെ നീക്കം, സംഘടന പിളർക്കാനുള്ള പിന്തിരിപ്പന്മാരുടെ ഗൂഢാലോചന, ജീവനക്കാരുടെ നിരവധി പ്രശ്നങ്ങൾ – കടുത്ത പ്രതിസന്ധി. തുടരെ തുടരെ മീറ്റിംഗുകൾ. എല്ലാ സ്ഥലത്തും ജനറൽ സെക്രട്ടറി തന്നെ വരണമെന്ന് ജീവനക്കാരുടെ പിടിവാശി. ഞാൻ ഇല്ലാതെ ഒന്നും ശരിയാകില്ലെന്നു എനിക്കും തോന്നൽ. യാത്ര കഴിഞ്ഞു രാത്രി വൈകി എത്തും. അതി രാവിലെ വീണ്ടും യാത്ര.
അത്തരമൊരു യാത്ര. ഉത്തരേന്ത്യയിലെ ഒരു പ്രധാന നഗരത്തിലേക്ക് ഡിവിഷണൽ സമ്മേളനം ഉൽഘാടനം ചെയ്യാൻ. യൂണിയന്റെ പഴയ കാറിൽ. ഒരു മണിക്കൂർ കഴിഞ്ഞു കാണും. മുന്നിൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ ജാമായി കിടക്കുന്നു. മുന്നിലുള്ള പാലം തകർന്നിരിക്കുന്നു.
ഉടൻ കാർ തിരിച്ചു പിറകോട്ടു. കുറച്ച് കഴിഞ്ഞെങ്കിൽ കുരുങ്ങി പോയേനെ.
വളരെ വളഞ്ഞ വഴി ആണെങ്കിലും പോയെ പറ്റൂ എന്ന് എന്റെ വാശി. യോഗം കഴിയും മുമ്പ് എങ്ങിനെയെങ്കിലും എത്താമെന്ന ആത്മ വിശ്വാസം.
അവസാനം യോഗസ്ഥലത്തെത്തി, വൈകുന്നേരം 7 മണിക്ക്. സമ്മേളനം കഴിഞ്ഞു എല്ലാവരും പോയിരിക്കുന്നു, പ്രധാന ഭാരവാഹികൾ മാത്രം കാത്തുനിൽക്കുന്നു. ( അന്ന് മൊബൈൽ സർവീസ് ഒന്നും വരാത്തത് കൊണ്ട് വിവരം അറിയിക്കാനും പറ്റിയില്ല.)
പ്രസംഗങ്ങളും തർക്കവും ബഹളവും വെല്ലുവിളിയും ചെറിയതോതിൽ തല്ലും ഒത്തുതീർപ്പും തിരഞ്ഞെടുപ്പും എല്ലാം സാധാരണ മാതിരി ഭംഗിയായി കഴിഞ്ഞിരിക്കുന്നു. ഞാൻ എ ത്താത്തതുകൊണ്ട് ഒന്നിനും ഒരു കുറവും വന്നിട്ടില്ല.
അപ്പോഴാണ് എനിക്ക് ഒരു കാര്യം ബോധ്യമാ യത് . എന്റെ ഒന്നര – രണ്ട് മണിക്കൂർ പ്രസംഗവും ബോധവത്കരണവുമെല്ലാം നടന്നിട്ടില്ലെങ്കിലും സംഗതിയെല്ലാം കൃത്യമായി നടക്കുമെന്ന്. ചിലപ്പോൾ കൂടുതൽ ഭംഗിയായി.
എന്നാൽ ഞാൻ നന്നായോ? തരിമ്പും നന്നായില്ല. ‘നായയുടെ വാൽ ഓടക്കുഴലിൽ ഇട്ടാലും…’.
ഇതിപ്പോഴോർക്കാൻ ഒരു കാരണമുണ്ടായി. അത് പിന്നെ പറയാം.
വി എ എൻ നമ്പൂതിരി 29.03.2023
May be an image of 1 person and standing
 
 
 
s