സ്ത്രീ ധനം വേണ്ടത്ര ലഭിച്ചില്ലെന്നും ആഭരണങ്ങൾ വേണ്ടത്രയില്ലെന്നും മറ്റും ആരോപിച്ചു നടത്തുന്ന കൊലപാതകങ്ങളും, കുറ്റപ്പെടുത്തലുകൾ സഹിക്കാതെ നിവൃത്തിയില്ലാതെ നടത്തുന്ന ആത്മഹത്യകളും, സംസ്കാര സമ്പന്നരെന്നു അഭിമാനിക്കുന്ന കേരളീയരിൽ വർധിച്ചു വരികയാണ്. പണത്തോടുള്ള ആർത്തിക്ക് ഒരതിർത്തിയും കാണാനില്ല.
ഭർത്താവ് മരിച്ചാൽ ഭാര്യയെ അതെ ചിതയിൽ ക്രൂരമായി ചുട്ടെരിക്കുന്ന സതി നൂറ്റാണ്ടുകൾക്ക് മുൻപ് നിയമവിരുദ്ധമാക്കിയെങ്കിലും, ഭർത്താവ് സ്വയം മുൻകൈയെടുത്തു ഭാര്യയെ കൊല്ലുന്ന അല്ലെങ്കിൽ ആത്മഹത്യക്ക് നിർബന്ധിതരാക്കുന്ന സംഭവങ്ങൾക്ക് യാതൊരു കടിഞ്ഞാണുമില്ല.
ശക്തമായ ശിക്ഷ കുറ്റവാളികൾക്ക് നൽകുന്നതോടൊപ്പം, സർക്കാരും പുരോഗമന പ്രസ്ഥാനങ്ങളും, സാംസ്കാരിക സംഘടനകളും, രാഷ്ട്രീയ പാർട്ടികളും, മറ്റു ബഹുജന സംഘടനകളുമെല്ലാം സ്ത്രീധന വിരുദ്ധ പ്രചാരണം ശക്തമാക്കുകയും കുറ്റവാളികളെ, അവരെത്ര ഉന്നതരായാലും ശരി, ഒറ്റപ്പെടുത്തുകയും വേണം.
വിവാഹവേദികളിൽ വധുവിനെയും വരനെയുമൊക്കെ സ്വർണക്കടക്കാ രുടെയും ആഭരണ നിർമാതാക്കളുടെയും പരസ്യ വസ്തുവാക്കുന്ന രീതിയിൽ ഒരതിരുമില്ലാതെ ആഭരണങ്ങൾ അണിയിച്ചു തങ്ങളുടെ ‘പ്രാമാണിത്വവും മഹത്വവും’ കാണിക്കുന്ന അശ്ലീലവും അവസാനിപ്പിക്കണം. വിവാഹം ഒരു കച്ചവടമല്ലല്ലോ.
ഇന്നത്തെ സമൂഹത്തിൽ ഇത് എളുപ്പമല്ലെന്നറിയാം. എങ്കിലും ശക്തമായ ഒരു തുടക്കത്തിന്നു ഭാഗികമായെങ്കിലും ഫലമില്ലാതിരിക്കില്ല.
പാഠപുസ്തകങ്ങളിലും മറ്റുമായി ചെറുപ്പകാലത്തു തന്നെ ഇതിനെല്ലാമെതിരായ ശക്തിയായ ബോധവത്കരണവും വേണം.
വി എ എൻ 02.02.2025


