Parliament Election and Senior Citizens

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് ആരംഭം കുറിച്ച് കൊണ്ട് തിരഞ്ഞെടുപ്പ് തീയതികളും ഫലപ്രഖ്യാപന ദിവസവും ബന്ധപ്പെട്ട മറ്റു കാര്യങ്ങളും 2024 മാർച്ച്‌ 16 ന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുകയുണ്ടായി. 2024 ഏപ്രിൽ 19, 26, മെയ്‌ 7, 13, 20, 25, ജൂൺ 1 എന്നിങ്ങനെ 7 തീയതികളിലായാണ് വിവിധ സംസ്ഥാനത്തിലെ തിരഞ്ഞെടുപ്പ്. കേരളത്തിൽ ഏപ്രിൽ 26 ന്ന്. വോട്ടെണ്ണൽ ജൂൺ നാലിനും തുടർന്ന് ഫലപ്രഖ്യാപനവും. തിരഞ്ഞെടുക്കപ്പെടേണ്ട അംഗങ്ങൾ 543.
ആകെ 142 കോടിയിലേറെ ജനസംഖ്യയിൽ 96.88 കോടി വോട്ടർമാർ- 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളും. ഇതിൽ 60 കഴിഞ്ഞവർ, മുതിർന്ന പൗരന്മാർ, ഗണ്യമായ സംഖ്യയാണ്. 81.87 ലക്ഷം പേർ 85 വയസ്സ് കഴിഞ്ഞവരാണ്. അവരെ വീടുകളിൽ വോട്ട് ചെയ്യാൻ അനുവദിക്കും.
1951 – 52 ലായിരുന്നു ആദ്യത്തെ പാർലിമെന്റ് ഇലക്ഷൻ. രണ്ടാമത്തേത് 1957 ലും. അന്ന് ചിന്ഹങ്ങൾക്കു പകരം ചുവപ്പ് പെട്ടി , മഞ്ഞപ്പെട്ടി, പച്ചപ്പെട്ടി എന്ന രീതിയിൽ പ്രത്യേകം പെട്ടികളിലായിരുന്നു കമ്മ്യൂണിസ്റ്റ്‌ പാർട്ടി, കോൺഗ്രസ്‌ പാർട്ടി, മുസ്ലിം ലീഗ് എന്നിങ്ങനെയുള്ള പാർട്ടികൾക്ക് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്.
മാറ്റങ്ങൾ പലതും വന്നു. ഇന്നിപ്പോൾ ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങൾ ആണ്. ( അമേരിക്കയിലടക്കം ചില രാജ്യങ്ങളിൽ ഇപ്പോഴും ബേലറ്റ് പേപ്പർ സംവിധാനമാണ്. ) ഒട്ടേറെ പരാതികൾ കഴിഞ്ഞ തവണ വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് വന്നിട്ടുണ്ട് എന്ന കാര്യം മറന്നു കൂടാ .
വയോജനങ്ങൾ ആകെ വോട്ടർമാരുടെ ഏകദേശം 20 ശതമാനത്തിലേറെ വരും. തെരഞ്ഞെടുപ്പിൽ അവർ ഒരു നിർണായക ശക്തി തന്നെയാണ്. ജാതി, മത, കക്ഷി രാഷ്ട്രീയത്തിന്നതീതമായി എല്ലാ വയോജനങ്ങളെയും ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ അവർക്കുണ്ട്. 2006 മുതൽ അവരുടെ പ്രശ്നങ്ങൾ കേന്ദ്ര – സംസ്ഥാന സർക്കാരുകളുമായി, വിവിധ തലങ്ങളിൽ ഉന്നയിക്കുകയും പല നേട്ടങ്ങളും കൈവരിക്കുകയും ചെയ്ത കേരളത്തിലെ ഏറ്റവും വലിയ വയോജന സംഘടനയാണ് സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ.
ഈ തെരഞ്ഞെടുപ്പിൽ മുതിർന്ന പൗരന്മാരുടെ വിവിധ പ്രശ്ങ്ങൾ ഉയർത്തുകയും, കഴിഞ്ഞ കാലങ്ങളിലും ഇന്നും ആരാണ് വയോജനങ്ങൾക്ക് താങ്ങും തണലുമായി നിന്നിട്ടുള്ളത് എന്ന് പരിശോധിക്കേണ്ടതും ഇത്തരുണത്തിൽ ആവശ്യമാണ്.
ഈ തെരഞ്ഞെടുപ്പിൽ 60 ലക്ഷത്തിൽപരം വരുന്ന കേരളത്തിലെ മുതിർന്ന പൗരന്മാരുടെ നിലപാട് എന്തായിരിക്കണം? കടമ എന്താണ്?
കേരളത്തിൽ മുഖ്യമായും മൂന്നു മുന്നണികളാണുള്ളത് – എൽ ഡി എഫ്, യു ഡി എഫ്, ബി ജെ പി. കേന്ദ്രം ഭരിക്കുന്നത് ബി ജെ പി യാണ് ; കേരളം എൽ ഡി എഫും.
കഴിഞ്ഞ 10 വർഷമായി കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിന്റെ മുന്നിൽ വയോജനങ്ങളുടെ ഒട്ടേറെ പ്രശ്നങ്ങൾ സംഘടനയും ഇടതു പക്ഷ എം പി മാരും ഉയർത്തിയെങ്കിലും അവ ഒന്നും തന്നെ പരിഹരിക്കുവാൻ തെയ്യാറായില്ലെന്നു മാത്രമല്ല കൂടുതൽ വയോജന വിരുദ്ധ നടപടികൾ കൈക്കൊള്ളുകയാണ് ഉണ്ടായത്. ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കട്ടെ :
1. ദശാബ്ദങ്ങൾക്ക് മുൻപ് നൽകിത്തുടങ്ങിയ 200 രൂപ കേന്ദ്ര വയോജന പെൻഷൻ 5000 രൂപയായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു രൂപ പോലും വർധിപ്പിച്ചില്ല. 200 രൂപ തന്നെ മാസങ്ങളായി നൽകിയിട്ടില്ല.
2. കേരളത്തിലെ 60 ലക്ഷത്തോളം മുതിർന്ന പൗരന്മാരിൽ വെറും 5 ലക്ഷത്തോളം പേർക്ക് മാത്രമാണ് കേന്ദ്രം പെൻഷൻ നൽകുന്നത്. കേരള സർക്കാരാണെങ്കിൽ 50 ലക്ഷത്തിൽ കൂടുതൽ പേർക്കും. കേരള സർക്കാറിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചു അത്രയും പേർക്ക് പെൻഷൻ നൽകുവാൻ കേന്ദ്രം തെയ്യാറായിട്ടില്ല.
3. ഒട്ടേറെ വർഷങ്ങളായി വയോജനങ്ങൾക്ക് നൽകിയിരുന്ന റയിൽവേ ടിക്കറ്റ് ഇളവുകൾ ( 58 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് 50 ശതമാനവും 60 വയസ്സ് കഴിഞ്ഞ പുരുഷന്മാർക്ക് 40 ശതമാനവും ) കോവിഡ് കാലത്ത് റദ്ദ് ചെയ്തത് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും പുനസ്ഥാപിച്ചിട്ടില്ല.
4. വയോജനങ്ങളുടെ പ്രശ്നങ്ങളെ നേരിടുന്നതിന്നും മെച്ചപ്പെടുത്തുന്നതിന്നുമായി ഒരു വയോജനനയം പ്രഖ്യാപിക്കാൻ തെയ്യാറായില്ല.
5. വയോജനങ്ങളെ ഒഴിവാക്കിയുള്ള അമേരിക്കയുടെ കോവിഡ് നയം ഇന്ത്യയിൽ നടപ്പാക്കാൻ മോഡി സർക്കാർ ഉദ്ദേശിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തിന്നു മുൻപിൽ ഉപേക്ഷിക്കാൻ നിർബന്ധിതമായി. (അല്ലായിരുന്നെങ്കിൽ അമേരിക്കയിൽ മരണപ്പെട്ടതിനേക്കാളും എത്രയോ കൂടുതൽ വയോജനങ്ങൾ ഇന്ത്യയിൽ മരണപ്പെടുമായിരുന്നു ).
ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ വയോജന വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു SCFWA ആയിരക്കണക്കിന് പേർ പങ്കെടുത്ത രാജ് ഭവൻ മാർച്ച്, വാഹന പ്രചാരണ ജാഥ എന്നിവയടക്കം ഒട്ടേറെ പ്രതിഷേധ പരിപാടികൾ നടത്തുകയും മെമ്മറാണ്ടം നൽകുകയും ചെയ്തെങ്കിലും ഒരു കാര്യത്തിലും അനുകൂല തീരുമാനം ഉണ്ടായില്ല.
ആദായനികുതിയിലടക്കം ലക്ഷക്കണക്കിന് കോടി രൂപയുടെ ഇളവുകൾ ഭീമൻ കോർപറേറ്റുകൾക്ക് സന്തോഷത്തോടെ നൽകുന്ന മോഡി സർക്കാർ പാവപ്പെട്ട വയോജനങ്ങളെ ആകെ അവഗണിക്കുകയായിരുന്നു.
ഇപ്പോഴത്തെ തിരഞ്ഞെടുപ്പിലും ബി ജെ പി ജയിക്കുകയാണെങ്കിൽ വയോജനങ്ങൾക്ക്‌ ഇന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ പോലും നഷ്ടപ്പെടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ കേന്ദ്ര ഭരണകക്ഷിയെ പരാജയപ്പെടുത്തേണ്ടത് വയോജനങ്ങളുടെ ആവശ്യമാണ്‌.
കഴിഞ്ഞ തവണ ഒരു സീറ്റിലൊഴികെ മറ്റ് 19 സീറ്റിലും വിജയിച്ച യു ഡി എഫ് എം പി മാർ കേരളത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി ഒരക്ഷരം പോലും പാർലമെന്റിൽ ഉയർത്തിയില്ലെന്നു മാത്രമല്ല, കേരള വിരുദ്ധ നടപടികൾക്ക് മൗനാനുവാദം നൽകുകയാണ് ചെയ്തത്. കോടിക്കണക്കായ ന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പൗരാവകാശ ഭേദഗതി നിയമത്തിന്നെതിരെ ശക്തമായ എതിർപ്പുയത്തുന്നതിൽ പോലും പരാജയപ്പെട്ടു. വയോജനങ്ങളുടെ അടിയന്തിരപ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിന്നായി പല എം പി മാരെയും കണ്ടു നിവേദനം നടത്തിയെങ്കിലും അവർ പ്രശ്നം ഉന്നയിക്കുകയോ ചർച്ച ചെയ്യുകയോ ഉണ്ടായില്ല.
കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ സർക്കാരിന്റെയും ഇടതു പക്ഷ എം പി മാരുടെയും ട്രാക്ക് റെക്കോർഡും നമുക്ക് പരിശോധിക്കാം :
1. പ്രായമായ കാലത്ത് വിഷമത അനുഭവിക്കുന്ന വയോജനങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ചു അവർക്കാവശ്യമായ ഒട്ടേറെ നടപടികൾ കേരള സർക്കാർ നടപ്പിലാക്കി. വയോജന പെൻഷൻ 600 രൂപയായിരുന്നത് 18 മാസത്തെ കുടിശ്ശികയും കൊടുത്തു തീർത്ത് 1600 രൂപയാക്കി വർധിപ്പിച്ചു.
2. വ്യക്തമായ വയോജന നയം പ്രഖ്യാപിച്ചു അതിനനുസൃതമായി മുപ്പത്തോളം പദ്ധതികൾ നടപ്പിലാക്കി.
3. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ബഡ്‌ജറ്റ്റിന്റെ 5 % വയോജന പദ്ധതികൾക്കായി നീക്കി വെച്ച് കല്പന പുറപ്പെടുവിച്ചു.
4. അൽഷിമേഴ്‌സ്, കിടപ്പ് രോഗികൾ തുടങ്ങിയവർക്ക് ചികിത്സ ഉറപ്പാക്കുകയും വാതിൽപ്പടി സേവനവും.
5. സൗജന്യ ചികിത്സ, മരുന്നുകൾ.
6. വൃദ്ധസദനങ്ങളും പകൽവീടുകളും നടപ്പിലാക്കി വയോജനങ്ങൾക്ക് ആശ്വാസം നൽകി.
7. മെയ്ന്റനൻസ് ട്രിബൂണലുകൾ നടപ്പിലാക്കി, വയോജനങ്ങളുടെ ഒട്ടേറെ പരാതികൾ പരിഹരിച്ചു.
8. വയോജന പ്രശ്നങ്ങൾ ചർച്ച ചെയ്തു തീരുമാനമെടുക്കാൻ സംസ്ഥാനത്തിലും ജില്ലകളിലും വയോജന സംഘടനകളുടെ പ്രതിനിധ്യത്തോടെ വയോജന കൗൺസിലുകൾ രൂപീകരിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കുകയുണ്ടായി.
9. വയോജന കമ്മീഷൻ രൂപീകരിക്കാൻ തീരുമാനമെടുത്തു, നടപടികൾ പുരോഗമിക്കുന്നു.
10. കേരളത്തിൽ നിന്നുള്ള ഇടതുപക്ഷജനാധിപത്യ എം പി മാർ പാർലമെന്റിൽ ഏറ്റവും ശക്തമായി കേരളത്തിന്റെ പ്രശ്നങ്ങൾ ഉയർത്തുകയും വാദിക്കുകയുമുണ്ടായി. പൗരാവകാശ ഭേദഗതി നിയമമടക്കമുള്ള കരി നിയമങ്ങളെ ശക്തമായി എതിർത്തു. SCFWA നിവേദനം നൽകിയ പ്രശ്നങ്ങൾ പാർലിമെന്റിൽ ഉന്നയിച്ചു പോരാടി.
നമ്മുടെ സംഘടനയായ SCFWA ൽ എല്ലാ വിധ രാഷ്ട്രീയ അഭിപ്രായങ്ങളും ഉള്ളവർ ഉണ്ട്. പക്ഷെ സംഘടനയുടെ രാഷ്ട്രീയം ‘ ‘വയോജന രാഷ്ട്രീയം ‘ ആണ്. വയോജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നവർക്കാണ് നമ്മുടെ വോട്ട്. കേരളത്തിന്റെയും വയോജനങ്ങളുടെയും താല്പര്യങ്ങൾക്ക് വേണ്ടി കേന്ദ്രത്തിൽ ശബ്ദമുയർത്തുകയും കേരളത്തിൽ സംസ്ഥാന പരിധിക്കുള്ളിൽ നിന്നു കൊണ്ട് പരമാവധി വയോജന സൗഹൃദ പരിപാടികൾ നടപ്പിലാക്കുകയും ചെയ്ത ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്നതാണ് ഇത്തരുണത്തിൽ നമ്മുടെ കടമ.

About VAN NAMBOODIRI

V.A.N.Nambodiri is the founder General Secretary and later President and Patron of BSNL Employees Union, the recognised union in BSNL, the government owned Telecom Public Sector Company. He is the President of BSNL Casual and Contract Workers Federation as also the founder Convener of Joint Action Committee of BSNL Unions /Associations of Non-Executives and Executives which is fighting against disinvestment and for protecting the rights of the workers and also to save and improve BSNL. Now he is staying at Kozhikode, Kerala, and is the President of the Senior Citizens Friendship Welfare Association, which looks after and fights for the rights of the senior citizens in the state.

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.