നമ്മൾ വയോജനങ്ങൾ – 25
വയോജനങ്ങൾക്കുള്ള കേരള സർക്കാരിന്റെ പദ്ധതികൾ (3)
വയോ അമൃതം പദ്ധതി
സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ വൃദ്ധസദനങ്ങളിലെ താമസക്കാരുടെ ആരോഗ്യ പരിരക്ഷയ്ക്കായി ഭാരതീയ ചികിത്സാ വകുപ്പ് വഴി നടപ്പിലാക്കി വരുന്ന വയോ അമൃതം പദ്ധതി 2014-15 വര്‍ഷമാണ് ആരംഭിച്ചത്. വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരാണ് ഗുണഭോക്താക്കൾ. വൃദ്ധസദനങ്ങളിലെ താമസക്കാരായ വ്യക്തികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഏകദേശം 15ൽ പരം വൃദ്ധ സദനങ്ങൾ കേരളത്തിലുണ്ട്. ഒരു മെഡിക്കൽ ഓഫീസർ, ഒരു എറ്റെൻഡന്റ് എന്നിവർ സദനങ്ങളിൽ ഉണ്ടാകും.
വൃദ്ധസദനങ്ങളിലെ താമസക്കാരില്‍ നല്ലൊരു ഭാഗം വയോ അമൃതം പദ്ധതിയുടെസ് ഗുണഭോക്താക്കളാണ്. ആയുര്‍വേദ ചികിത്സാ രീതിയായതിനാല്‍ വയോജനങ്ങള്‍ക്ക് വളരെ പ്രയോജനപ്രദമാണ്.
സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വൃദ്ധ സദനങ്ങളിലെ രോഗാതുരരായ താമസക്കാരുടെ സമഗ്ര-ആരോഗ്യ സംരക്ഷണത്തിനും അവരുടെ മാനസിക ശാരീരിക സാമൂഹ്യ പ്രശ്നങ്ങള്‍ക്കും ഒരു പരിധി വരെ പരിഹാരം കാണുന്നതിന്ന് ഈ പദ്ധതി മുഖേന സാധ്യമാകും.
കൂട്ടു കുടുംബങ്ങൾ ഇല്ലാതാവുകയും മുതിർന്ന പൗരന്മാർ ഒറ്റപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ വൃദ്ധസദനങ്ങൾ ആരംഭിക്കുകയും നിലവിലുള്ളവയിലടക്കം സേവനം മെച്ചപ്പെടുത്തുകയും വേണമെന്നാണ് SCFWA ആവശ്യപ്പെടുന്നത്.
വി എ എൻ നമ്പൂതിരി പ്രസിഡന്റ് SCFWA 06.09. 2023
.