ഏറ്റവും പ്രധാന ഇരിപ്പിടം ഏതു?
ഒരു യോഗത്തിൽ, സമ്മേളനത്തിൽ, വിവാഹ കൂട്ടായ്മയിൽ, നാലുപേർ കൂടുന്ന സ്ഥലത്ത് – ഏറ്റവും ശ്രദ്ധേയമായ, പ്രാധാന്യമർഹിക്കുന്ന ഇരിപ്പിടം ഏതാണ്?
പ്രസിഡന്റ്‌, ഉൽഘാടകൻ, സ്വാഗത പ്രാ സംഗികൻ , തുടങ്ങിയവരുടെ ഇരിപ്പിടം എന്ന് നിങ്ങൾ പറഞ്ഞേക്കാം.
തെറ്റി. മുഴുവനായി തെറ്റി.
എനിക്ക് ഏറ്റവും പ്രധാനപ്പെട്ട ഇരിപ്പിടം ഞാൻ ഇരിക്കുന്നതാണ്. വേദിയിലായാലും സദസ്സിലായാലും മുൻപിലായാലും, പിറകിലായാലും, മറ്റെവിടെ ആയാലും. എല്ലാവരും എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നാണ് എന്റെ തോന്നൽ.ഇരിക്കുമ്പോഴും എഴുന്നേറ്റ് പോകുമ്പോഴും ഞാൻ അതുകൊണ്ട് വളരെ ശ്രദ്ധിക്കും.
നിങ്ങളും എന്റെ അഭിപ്രായത്തോട് യോജിക്കുമല്ലോ.
ഫോട്ടോ ഗ്രാഫർമാരോ, മൊബൈലിൽ ഫോട്ടോ എടുക്കുന്നവരോ അടുത്തെത്തിയാൽ അവരുടെ ശ്രദ്ധ ഏതു വിധവും നേടി ഫോട്ടത്തിൽ വരാൻ ശ്രമിക്കും. നേതാക്കൾ പരിചയമുണ്ടായാലും ഇല്ലെങ്കിലും അടുത്തു പോയി കുശലം പറയും. അവരുടെ കൂടെ ഒരു ഫോട്ടോ കിട്ടിയാൽ ആയല്ലോ. ഫോട്ടോയിൽ ഏതു അടവും ഉപയോഗിച്ച് കയറിപ്പറ്റാൻ മിടുക്കനാണ് ഞാൻ എന്നാണ് കൂട്ടുകാരുടെ അഭിപ്രായം.
എനിക്ക് ഒരു സംശയുമില്ല , എനിക്ക് ഞാൻ ആണ് ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. ഞാൻ എവിടെയുണ്ടോ അവിടമാണ് ഏറ്റവും പ്രധാന സ്ഥലവും. അങ്ങിനെതന്നെ ആയിരിക്കും നിങ്ങൾക്കും എന്ന് കരുതുന്നു.
വി എ എൻ നമ്പൂതിരി 30.03.2023