‘സമരം ജീവിതം ‘ പുസ്തകത്തേക്കുറിച്ച് ചിന്ത വാരികയിൽ (20.08.2021) സ. സി. പി. നാരായണൻ എഴുതിയ പുസ്തക പരിചയം.
വി എ എന്നിന്റെ ആത്മകഥ; ഒരു പ്രസ്ഥാനത്തിന്റെയും
സി പി നാരായണന്
കമ്പിത്തപാല് ജീവനക്കാരനായി ആറുപതിറ്റാണ്ടുമുമ്പ് ചേര്ന്നയാളായിരുന്നു കണ്ണൂര് ജില്ലയിലെ പഴശ്ശിയിലെ ഒരു നമ്പൂതിരി കുടുംബാംഗമായി ജനിച്ച വി എ നാരായണന് നമ്പൂതിരി. അക്കാലത്തെ പല നമ്പൂതിരി കുടുംബങ്ങളെയുംപോലെ തൊഴിലെടുത്തു ജീവിക്കാന് നിര്ബന്ധിതരായിരുന്നു വി എ എന്നിന്റെ കുടുംബാംഗങ്ങളും. അക്കാലത്ത്, 1950കളില്, എസ്എസ്എല്സി പാസായാല് സ്കൂള് അധ്യാപകന്, ഓഫീസ് ക്ലര്ക്ക് മുതലായ ജോലികള് ലഭിക്കും. വി എ എന്നും അങ്ങനെ അധ്യാപകനായി.
കേന്ദ്രസര്ക്കാര് ജോലിയില് താരതമ്യേന ഉയര്ന്ന വേതനം ലഭിക്കും. നാട്ടില് അംഗീകാരം കൂടുതലുമാണ്. അങ്ങനെ എസ്എസ്എല്സിക്ക് ഉയര്ന്ന മാര്ക്കുനേടിയവരും ഉന്നത വിദ്യാഭ്യാസത്തിന് കഴിവില്ലാത്തവരുമായ പലരും പോസ്റ്റ്-ടെലഗ്രാഫ് വകുപ്പില് ചേരുന്നതായി അന്നൊക്കെ കണ്ടിട്ടുണ്ട്. അങ്ങനെയൊരു പ്രേരണ ലഭിച്ചതുകൊണ്ട് വി എ എന്നും അതിലേക്ക് അപേക്ഷ നല്കി. നിയമനം ലഭിച്ചപ്പോള് അധ്യാപക ജോലി രാജിവെച്ച് ടെലഫോണ് വിഭാഗത്തില് ചേര്ന്നു. അത് 1958ല് ഇരുപതാം വയസ്സില് (അതിനുമുമ്പ് ഏതാനും മാസം വിനോബയുടെ ഭൂദാന് പ്രസ്ഥാനത്തിലും അദ്ദേഹം അംഗമായിരുന്നു).
ആദ്യത്തെ കാല്നൂറ്റാണ്ടുകാലത്തില് 20 വര്ഷത്തോളം കോഴിക്കോട്ടായിരുന്നു അദ്ദേഹത്തിനു ജോലി. ഇടയ്ക്ക് അങ്ങോട്ടുമിങ്ങോട്ടും സ്ഥലം മാറ്റപ്പെട്ടില്ല എന്നല്ല. സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ കേന്ദ്രസര്വീസുകളായ റെയില്വെ, പോസ്റ്റ്-ടെലഗ്രാഫ് എന്നിവയില് ജീവനക്കാരുടെ സംഘടനകള് ഉയര്ന്നുവന്നിരുന്നു; അവകാശങ്ങള്ക്കുവേണ്ടി സമരത്തില് ഏര്പ്പെടാന് തുടങ്ങുകയും പണിമുടക്കുവരെ നടത്തുകയും ചെയ്തിരുന്നു. വി എ എന്നും അങ്ങനെ തന്റെ മേഖലയിലെ എന്എഫ്പിടിഇയുടെ പ്രവര്ത്തകനായി. അന്നൊന്നും ടെലഫോണ് സാധാരണക്കാരുടെ വിവര വിനിമയ ഉപാധിയായിത്തീര്ന്നിരുന്നില്ല. ആദ്യം ജില്ലാ കേന്ദ്രങ്ങളില് മാത്രമായിരുന്നു ടെലഫോണ് എക്സ്ചേഞ്ച്. അതു പിന്നീട് പടിപടിയായി ചെറു പട്ടണങ്ങളിലേക്ക് വ്യാപിച്ചു. 1980കളില് രാജീവ്ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് സാം പിത്രോദയുടെ സാങ്കേതിക സഹായത്തോടെ ആട്ടോമാറ്റിക് ടെലഫോണ് എക്സ്ചേഞ്ച് അടക്കം പുതിയ സാങ്കേതികവിദ്യയും യന്ത്രങ്ങളും കൊണ്ടുവന്ന് ടെലഫോണ് നെറ്റ്വര്ക്ക് സംവിധാനങ്ങള് ഇന്ത്യയിലാകെ ആധുനീകരിച്ചത്.
അതു വാസ്തവത്തില് ആ മേഖലയുടെ സ്വകാര്യവല്ക്കരണത്തിനുള്ള പച്ചക്കൊടികാട്ടി. പോസ്റ്റല് രംഗത്തായിരുന്നു ആരംഭം, സി എം സ്റ്റീഫന് വകുപ്പുമന്ത്രിയായിരിക്കുമ്പോള്. ടെലഫോണ്രംഗത്ത് അത് നടപ്പാക്കപ്പെടുന്നത് മൊബൈല് ഫോണിന്റെ വരവോടെയായിരുന്നു 1990കളില്. ഏതാണ്ട് ഒരു ദശകക്കാലം സര്ക്കാരിന്റെ ടെലഫോണ് സംവിധാനത്തിന് മൊബൈല് ഫോണ് രംഗത്ത് പ്രവേശനം നല്കപ്പെട്ടിരുന്നില്ല. മൊബൈല് മേഖലയെ സ്വകാര്യമേഖലയുടെ വിളയാട്ട ഭൂമിയായി വിടുകയായിരുന്നു കോണ്ഗ്രസും ബിജെപിയും നയിച്ച സര്ക്കാരുകള് ചെയ്തത്. അതുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് മന്ത്രി സുഖ്റാമും മറ്റും നടത്തിയ അഴിമതി അക്കാലത്ത് കുപ്രസിദ്ധി നേടിയിരുന്നു.
പിന്നീടു നടന്നത് സര്ക്കാര് വകുപ്പിന്റെ കീഴിലായിരുന്ന ടെലഫോണ് സംവിധാനത്തെ ബിഎസ്എന്എല് എന്ന പൊതുമേഖലാ കമ്പനിയാക്കുകയായിരുന്നു. അതേസമയം അതിന് ആവശ്യമായ മൂലധനമോ സാങ്കേതികവിദ്യയും പുത്തന് ഉപകരണങ്ങളും വാങ്ങാനുള്ള സൗകര്യങ്ങളോ ഒന്നുംതന്നെ നല്കിയില്ല. തങ്ങളുടെ കീഴിലുള്ള വകുപ്പില് ഉണ്ടായിരുന്ന ജീവനക്കാരെ പിരിച്ചുവിടാന് കഴിയാത്തതുകൊണ്ടാണ് ഈ സംവിധാനം ഉണ്ടാക്കിയത്. ജനങ്ങള്ക്ക് എല്ലാ സൗകര്യങ്ങളോടുംകൂടി ടെലഫോണ് സേവനം കുറഞ്ഞ ചെലവില് നല്കാന് കഴിയുന്ന തരത്തില് ബിഎസ്എന്എല്ലിനെ വളര്ത്താന് ഒരു കേന്ദ്രസര്ക്കാരും താല്പര്യം കാണിച്ചിട്ടില്ല. നാട്ടിന്പുറങ്ങളിലും മറ്റും ടെലഫോണ് സേവനം നല്കാന് സ്വകാര്യകമ്പനികള്ക്ക് താല്പര്യമില്ല. കാരണം അവിടങ്ങളില്നിന്നും ലഭിക്കുന്ന ലാഭം നന്നേ കുറവായിരിക്കും. ചിലപ്പോള് നഷ്ടമുണ്ടായെന്നും വരാം. അതിനാല് വൈദ്യുതി, വെള്ളം മുതലായ അവശ്യവസ്തുക്കള്പോലെ എല്ലാ മനുഷ്യര്ക്കും അത്യാവശ്യമായ വിവരവിനിമയ സേവനങ്ങള് നല്കാന് സര്ക്കാര് സംവിധാനം ഉണ്ടായാലേ കഴിയു.
പക്ഷേ, നവ ഉദാരവല്ക്കരണ നിയമങ്ങള് പിന്തുടരുന്ന കേന്ദ്രസര്ക്കാരിന് ഈ വക ജനാധിപത്യ ബോധമൊന്നും ഇല്ല. ടെലഫോണിന്റെ കാര്യത്തിലും ഇതു പ്രകടമാണ്. വടക്കുകിഴക്കന് സംസ്ഥാനങ്ങളില് വിവര വിനിമയ സംവിധാനം ഏറെ ദുര്ബലമാണ്. പലേടങ്ങളിലും ഇല്ലായിരുന്നു. പത്തുവര്ഷം മുമ്പ് യുപിഎ സര്ക്കാര് 6000 കോടി രൂപയുടെ ഒരു പദ്ധതി ഇതിനായി തയ്യാറാക്കി. ആ സര്ക്കാരോ പിന്നീട് വന്ന യുപിഎ സര്ക്കാരോ ഒന്നുംതന്നെ അത് നടപ്പാക്കിയില്ല. ലാഭം കുറവും ബാധ്യത ഏറെയും ആയതിനാല് ഈ പദ്ധതി ഏറ്റെടുക്കാന് ഒരു സ്വകാര്യ കമ്പനിയും തയ്യാറായില്ല.
പോസ്റ്റല് വകുപ്പ് ഈ കാലയളവിനിടയില് ആകെ തകര്ന്നടിഞ്ഞു. 24 മണിക്കൂറിനകം ഇന്ത്യയില് എവിടെയും കത്ത് എത്തിക്കാനുള്ള ശേഷിയും കാര്യക്ഷമതയും ആ വിഭാഗം 1980 ആയപ്പോഴേക്ക് കൈവരിച്ചിരുന്നു. പക്ഷേ, പിന്നീടു കണ്ടത് പൊതുമേഖലയിലെ ആ സംവിധാനത്തെ കേന്ദ്രസര്ക്കാര് പൊളിച്ചടുക്കുന്നതും സ്വകാര്യ താല്പര്യക്കാരെ അതിലേക്ക് കടത്തിവിടുന്നതുമാണ്. പോസ്റ്റല് സംവിധാനം സാര്വത്രികമായും കാര്യക്ഷമമായും നടപ്പാക്കുന്നതിന് ലാഭേച്ഛയോടെ പ്രവര്ത്തിക്കുന്നവര്ക്ക് കഴിയില്ല. സര്ക്കാര് സംവിധാനത്തെ സര്ക്കാര്തന്നെ പൊളിച്ചടുക്കി ഇതിനകം.
സര്ക്കാര് സംവിധാനം ഇത്തരത്തില് പടിപടിയായി പൊളിച്ചടുക്കപ്പെട്ട കാലത്തായിരുന്നു വി എ എന് നമ്പൂതിരി ആദ്യം എന്എഫ്ടിഇ സംഘടനയുടെയും, പിന്നീട് ബിഎസ്എന്എല് ആയി അത് മാറിയപ്പേള് അതിന്റെയും കേന്ദ്ര നേതൃത്വത്തിലേക്ക് ഉയര്ന്നുവന്നതും റിട്ടയര്മെന്റിനുശേഷംപോലും കുറേക്കാലം തുടര്ന്നതും.
സമരം ജീവിതം എന്ന തന്റെ ആത്മകഥയില് വി എ എന് വിവരിച്ചിരുക്കുന്നത് ടെലഫോണ് ജീവനക്കാരുടെ സംഘടനയുടെ കഥയാണ്. അവ രണ്ടും തമ്മില് വേര്പിരിക്കാന് കഴിയാത്തവിധം കെട്ടുപിണഞ്ഞു വളര്ന്നത് ഒരുപക്ഷേ, വി എ എന്നിന്റെ ജീവിതത്തിലെ മാത്രം പ്രത്യേകതയാകാം. അദ്ദേഹത്തിലെ നേതൃപാടവം തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ മുന്ഗാമികളും സഹപ്രവര്ത്തകരും കൂടി അദ്ദേഹത്തെ നേതൃത്വത്തിലേക്ക് ഉയര്ത്തുക മാത്രമല്ല, ഒരുതരത്തില് അല്ലെങ്കില് മറ്റൊന്നില് അദ്ദേഹത്തെ 78 വയസ്സുവരെ നേതൃനിരയില് പ്രവര്ത്തിക്കാന് നിര്ബന്ധിക്കുകയും ചെയ്തിരുന്നു. അങ്ങനെ ആറു പതിറ്റാണ്ടു കാലത്തോളം അദ്ദേഹം സംഘടനയിലുണ്ടായിരുന്നു. നാലുപതിറ്റാണ്ടോളം നേതൃനിരയിലും. ഇത്രയും ദീര്ഘകാലത്തെ സംഘടനാനുഭവങ്ങള് അദ്ദേഹത്തിനുണ്ട്. അതുകൊണ്ടുതന്നെ വി എ എന്നിന്റെ ആത്മകഥ ടെലഫോണ് (പിന്നീട് ബിഎസ്എന്എല്) ജീവനക്കാരുടെ സംഘടനയുടെയും അതിന്റെ ഗതിവിഗതികളുടെയും ചരിത്ര കഥനം കൂടിയാകുന്നു. ടെലഫോണ് ജീവനക്കാരുടെ തൊഴില് ജീവിതത്തില് ഇക്കാലയളവില് വന്ന മാറ്റങ്ങളുടെ സുവ്യക്തമായ ചിത്രം വി എ എന് വരച്ചുകാണിക്കുന്നു, അതിന്റെ നാനാ തലങ്ങളിലെ സൂക്ഷ്മ വ്യതിയാനങ്ങളടക്കം. ഇന്ത്യയിലെ ഏതെങ്കിലും ജീവനക്കാരുടെ സംഘടനാ ചരിത്രം ഇത്തരത്തില് രചിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്.
ഇതിനിടയില് മാറിവരുന്ന സര്ക്കാരുകള്, അവയുടെ ദേശീയ കാഴ്ചപ്പാടില് വരുന്ന മാറ്റം, ടെലഫോണ് രംഗത്തെ വിവിധ സംഘടനകളുടെ ഉയര്ച്ചതാഴ്ചകള്, ജീവനക്കാരുടെ സേവന സംബന്ധമായ അവകാശങ്ങളെക്കുറിച്ച് പുതിയ അവബോധം ഉണ്ടാക്കല്, അത് സംഘടനയുടെ സാര്വത്രിക ബോധമാക്കി മാറ്റല്, തങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും സര്ക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള പ്രക്ഷോഭ സമരങ്ങള് സംഘടിപ്പിക്കല്, ഇതിനിടെ സംഘടനകള് തമ്മിലുള്ള കിടമത്സരം തുടങ്ങിയവയെല്ലാം പരാമര്ശിക്കപ്പെടുന്നുണ്ട്. ഇവയെ അതിജീവിച്ചുകൊണ്ട് തന്റെ സംഘടനയെ മറ്റു സഖാക്കളുടെ സഹായത്തോടെ നിരന്തരം വളര്ത്തുകയും ഉയര്ത്തുകയും ചെയ്യുക വലിയ വെല്ലുവിളിയായിരുന്നു. ഇതിനിടെ ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാംപകുതിയില് സംഘടനാ പ്രവര്ത്തനത്തില് ആദ്യം സാര്വത്രികമായ മുന്നേറ്റവും നൂറ്റാണ്ടവസാനത്തോടെ നവ ഉദാരവത്കരണകാലത്ത് അതിന് തിരിച്ചടിയും ഉണ്ടാകുന്നതും വി എ എന് ജീവിതവൃത്താന്ത കഥനത്തിനിടെ ഇതള്വിടര്ത്തി കാണിക്കുന്നുമുണ്ട്.
വാസ്തവത്തില് വി എ എന്നിന്റെ ആത്മകഥ സ്വാതന്ത്യാനന്തര ഇന്ത്യയുടെ മുക്കാല് നൂറ്റാണ്ടിനിടയില് പൊതുവില് തൊഴിലാളികളുടെയും ജീവനക്കാരുടെയും പ്രസ്ഥാനരംഗത്ത് ആദ്യം ഉണ്ടായ കുതിച്ചുകയറ്റത്തിന്റെയും പിന്നീട് അതിനേറ്റ പ്രതിബന്ധങ്ങളുടെയും കഥകൂടിയാണ്. അദ്ദേഹം വാക്പ്രപഞ്ചത്തിലൂടെ വരച്ചിട്ട ചിത്രത്തില് കാലത്തെ പ്രതിനിധാനംചെയ്യുന്ന ചില അക്ഷരവരകള്കൂടി ഇടയ്ക്കിടെ ചേര്ത്തിരുന്നെങ്കില്, അത് ശരിക്കും ഒരു കാലഘട്ടത്തിലെ പ്രസ്ഥാന ചരിത്രംകൂടി ആകുമായിരുന്നു.
ഈ ആത്മകഥയ്ക്കുള്ള അതിന്റേതായ പ്രാധാന്യത്തെ കുറച്ചു കാണിക്കാനല്ല അക്കാര്യം ചൂണ്ടിക്കാണിച്ചത്. ഈ നിലയ്ക്കുതന്നെ അതിന് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ട്. മേല്പറഞ്ഞതുകൂടി ഉണ്ടായിരുന്നെങ്കില് അത് ഒരു നേതാവിന്റെയും സംഘടനയുടെയും കഥയ്ക്കൊപ്പം ഒരു പ്രസ്ഥാനത്തിന്റെ ചരിത്രംകൂടി ആകുമായിരുന്നു. സര്ക്കാര് ജീവനക്കാര്ക്കും സംഘടിത തൊഴിലാളിവര്ഗത്തിനും അവരുടെ മുന് തലമുറ കടന്നുവന്ന പാതയും അതില് അവര്ക്കു നേരിടേണ്ടിവന്ന അനുഭവങ്ങളും സംബന്ധിച്ച് ഒരു ചിത്രം വി എ എന്നിന്റെ ഈ ആത്മകഥ നല്കുന്നു എന്നതിലാണ് അതിന്റെ സാമൂഹ്യമായ പ്രസക്തി. ഇന്ന് അവരുടെ പ്രസ്ഥാനം പലതരം വെല്ലുവിളികളെ നേരിടുന്നവേളയില് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആറുപതിറ്റാണ്ടിലേറെക്കാലത്തെ അനുഭവം ആത്മവിശ്വാസം പകരുന്ന വഴിവിളക്കാണ് .
May be an image of Gulab Jan and text that says 'വി എ എൻ നമ്പൂതിരി സമരം ജീവിതം ആ ത്മ ക ம'