സ: എം പി വീരേന്ദ്ര കുമാർ എം പി(84) ഓർമയായി. ഇന്നലെ രാത്രി 11.30ന്ന് കോഴിക്കോട് വെച്ചായിരുന്നു മരണം .
6 ദശാബ്ദങ്ങളിലേറെ പൊതു പ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വീരേന്ദ്രകുമാർ കേന്ദ്ര മന്ത്രി ആയും എം പി ആയും സംസ്ഥാന മന്ത്രി ആയും പ്രവർത്തിച്ചു. ഉറച്ച സോഷ്യലിസ്റ്റ് നേതാവ്. മാതൃഭൂമിയുടെ എല്ലാമെല്ലാം. മഹാനായ എഴുത്തുകാരൻ , സഞ്ചാരി. ഉജ്ജ്വലനായ പ്രഭാഷകൻ. അതിലും ഉപരി ഒരു നല്ല സുഹൃത്ത്.
1960 കൾ മുതലുള്ള പരിചയം എനിക്കുണ്ട്. ജോർജ് ഫെർനാൻഡസ് കോഴിക്കോട് വന്നപ്പോൾ നടത്തിയ പ്രസംഗവും സഖാവിന്റെ പരിഭാഷയും ആവേശം കൊണ്ടും ആത്മാർത്ഥതയും കൊണ്ടും ഒന്നിനൊന്നു മേലെയായിരിന്നു. അടിയന്തരാവസ്ഥയിൽ ഒളിവിൽ, പിന്നെ ജയിലിൽ.
കമ്പിത്തപാൽ ജീവനക്കാരുടെ പല സമ്മേളനങ്ങളിലും സഖാവ് പങ്കെടുത്തു സംസാരിച്ചിട്ടുണ്ട്. 1988 ൽ കോഴിക്കോട് വെച്ച് നടന്ന എൻ എഫ് പി ടി ഇ സംസ്ഥാന സമ്മേളനത്തിന്റെ രക്ഷാധികാരയായിരുന്നു.
1991ൽ വീരേന്ദ്ര കുമാർ പാർലമെന്റിലേക്ക് മത്സരിച്ചപ്പോൾ തിരഞ്ഞെടുപ്പ് കമ്മിറ്റി (അണിയറ) സെക്രട്ടറിയായി പ്രവർത്തിക്കുകയുണ്ടായി. ( കേന്ദ്ര സർക്കാർ ജീവനക്കാരന് രാഷ്ട്രിയ പ്രവർത്തന സ്വാതന്ത്ര്യമില്ലല്ലോ). എല്ലാ ദിവസവും അതിരാവിലെയും യോഗങ്ങളിലും മറ്റും പങ്കെടുത്തു രാത്രി വൈകിയും ഓഫീസിൽ എത്തി കാര്യങ്ങൾ ചർച്ച ചെയ്യും.
അടുത്ത തവണ എം പി യായും തുടർന്നു കേന്ദ്ര ഡെപ്യൂട്ടി ധനകാര്യ മന്ത്രിയുമായപ്പോൾ ഞാൻ ഡൽഹിയിൽ യൂണിയൻ ജനറൽ സെക്രട്ടറിയായി ഉണ്ടായിരുന്നു. സ്ഥാനമേറ്റ ദിവസം തന്നെ കാണാൻ പോയി. റിസപ്ഷനിൽ കാത്തു നിൽക്കുമ്പോൾ സഖാവ് തന്നെ വന്നു മുറിയിലേക്ക് കൂട്ടികൊണ്ടുപോയി. രാഷ്ട്രിയ നേതാക്കളും വൻകിട വ്യവസായ പ്രമുഖരും അവിടെ കാത്തു നിൽക്കുന്നു. അഭിനന്ദനം പറഞ്ഞതിന്റ കൂടെ ഡി എ പ്രഖ്യാപിക്കാതെയുള്ള വിവരവും പറഞ്ഞു. രണ്ടു ദിവസത്തിനകത്തു ഡി എ കല്പന ഇറങ്ങുകയും ചെയ്തു.
ഇടക്കാലത്തു ന്യൂസ്‌പേപ്പർ ഫെഡറേഷൻ കാര്യത്തിനും മറ്റുമായി ഡൽഹിയിൽ വരുമ്പോൾ കാണാൻ പോകും.
1996 ജൂണിൽ ഞാൻ സർവീസിൽനിന്നും നിന്നും വിരമിച്ചപ്പോൾ ടൌൺ ഹാളിൽ നൽകിയ പൊതു സ്വീകരണത്തിൽ കോട്ടക്കൽ ആയുർവേദ ആസ്പത്രിയിൽ ചികിത്സയിലായിരുന്നുവെങ്കിലും വീരേന്ദ്ര കുമാർ അവിടെയെത്തി സംസാരിച്ചു വീണ്ടും ആസ്പത്രിയിലേക്ക് പോയത് ഞാൻ ഇന്നും ഓർക്കുന്നു.
ഒരു സുഹൃത്ത് എന്ന നിലക്കാണ് എന്നും സംസാരിക്കാറുള്ളത്. സ: എ കെ ജി യുമായുള്ള ആത്മ ബന്ധത്തെ കുറിച്ച് പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. പല രാഷ്ട്രിയ കാര്യങ്ങളും പറയും. ഞാൻ കേൾക്കും.
അവസാനം കണ്ടു സംസാരിച്ചത് ഈ വർഷം ജനുവരി അഞ്ചിന് ചാലപ്പുറത്തെ വീട്ടിൽ വെച്ച്. ബി എസ് എൻ എൽ പെൻഷൻകാരുടെ പെൻഷൻ റിവിഷൻ കാര്യത്തിൽ കേന്ദ്ര സർക്കാരുമായി ബന്ധപ്പെടുന്നതിനായി കാണാൻ. പുന്നശ്ശേരി ബാലൻ, കെ ജി സഞ്ജീവ്, എം ചന്ദ്രൻ, പി വി സി ll, എം കെ പ്രഭാകരൻ,എം രാജഗോപാലൻ നായർ എന്നിവരും കൂടെ ഉണ്ടായിരുന്നു.സുഖമില്ലാതെ കിടക്കുകയാണെന്നും ആരെയും കാണുന്നില്ലെന്നും ഞങ്ങളെ അറിയിച്ചെങ്കിലും പേര് പറഞ്ഞപ്പോൾ അകത്തേക്ക് കടത്തി. സഖാവ് കിടക്കുക തന്നെയായിരുന്നു. വളരെ അവശതയിൽ. ഒരു വിധം എഴുന്നേറ്റിരുന്നു സംസാരിച്ചു. ഞങ്ങൾ കാര്യം അവതരിപ്പിച്ചു നന്ദി പറഞ്ഞു വേഗം മടങ്ങി. ഇത് അവസാന കാഴ്ച്ച ആയിരിക്കും എന്ന് കരുതിയില്ല.
ഇന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫേർ അസോസിയേഷൻ ജില്ല സെക്രട്ടറി സ: മേലടി നാരായണൻ ഒപ്പം ചാലപ്പുറത്തെ വീട്ടിലെത്തി അസോസിയേഷന്റെയും സ്വന്തം പേരിലും ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ അടുത്ത ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടതിന്റെ ദുഃഖം.
സ: വീരേന്ദ്ര കുമാറിന്റെ വേർപാട് സമൂഹത്തിന്ന് വലിയൊരു നഷ്ടമാണ്.
അദ്ദേഹത്തിന്റെ ഭാര്യ, മക്കൾ മറ്റു കുടുംബാംഗങ്ങൾ എന്നിവരെ അനുശോചനം അറിയിക്കുന്നു.