കേന്ദ്ര – പൊതുമേഖല പെൻഷൻകാർ നിലനിൽപിന്നായുള്ള പോരാട്ടത്തിൽ…

2025 മാർച്ച്‌ 25 ന്ന് ലോകസഭയും 27ന്ന് രാജ്യ സഭയും തിരക്ക് പിടിച്ചു ചർച്ച ഒന്നും ഇല്ലാതെ പാസ്സാക്കുകയും മാർച്ച്‌ 29 ന്ന് ഗസറ്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയും ചെയ്ത പെൻഷൻ വാലിഡിയേഷൻ നിയമത്തിലൂടെ പെൻഷൻകാർ കാലാകാലങ്ങളായി നേടിയെടുത്ത പല അവകാശങ്ങളും ഇല്ലാതാക്കിയിരിക്കുകയാണ്.

പെൻഷൻകാരുടെ മാഗ്ന കാർട്ട എന്ന് പറയാറുള്ള 1982 ലെ സുപ്രീം കോടതി ഭരണ ഘടനാ ബെഞ്ചിന്റെ വിധിയിൽ പ്രഖ്യാപിച്ച, പെൻഷൻകാർ ഒരു വിഭാഗമാണ്, വിവേചനം പാടില്ല, പുതിയ നേട്ടങ്ങൾ പഴയ പെൻഷൻ കാർക്കും ബാധകമാണ്, അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള പെൻഷൻ നൽകണം തുടങ്ങിയ അവകാശങ്ങൾ എല്ലാം ഇല്ലാതാക്കുന്ന ഒരു കരി നിയമമാണ് പാസ്സാക്കപ്പെട്ടത്. പുതിയ ശമ്പള പരിഷ്കരണം, ക്ഷാമ ആശ്വാസം എന്നിവ പഴയ പെൻഷൻകാർക്ക് ലഭ്യമാവുകയില്ല.

ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങൾക്ക് രൂപം കൊടുത്തിരിക്കുകയാണ് 40 ഓളം പെൻഷൻ സംഘടനകളുടെ കൂട്ടായ്മയായ ഫോറം ഓഫ് സിവിൽ പെന്ഷനേഴ്സ് അസോസിയേഷൻ.

ആദ്യ പരിപാടിയായ ജൂലൈ 25 ന്റെ മനുഷ്യച്ചങ്ങലയിൽ ഇന്ത്യയിലെ വിവിധ ജില്ല കേന്ദ്രങ്ങളിലായി ലക്ഷങ്ങളാണ് പങ്കെടുത്തത്. അടുത്ത പരിപാടി ആഗസ്റ്റ് 26 ന്ന് രാജ് ഭവൻ മാർച്ചും, സെപ്റ്റംബർ 19 ന്ന് എറണാകുളത്തു വെച്ചു ഒരു കൺവെൻഷൻ കൂടുകയുമാണ്. അത് കഴിഞ്ഞാൽ ഒക്ടോബർ 10 ഡൽഹിയിൽ ആയിരങ്ങളുടെ ‘ പാർലിമെന്റ് മാർച്ച്‌ ‘ സംഘടിപ്പിക്കപ്പെടും.

2004 ൽ ‘പുതിയ പെൻഷൻ നയം ‘ നടപ്പാക്കി മുൻപ് ലഭ്യമായിരുന്ന പല അവകാശങ്ങളും 2004 മുതൽ നിയമിക്കപ്പെട്ടവർക്ക് ഇല്ലാതാക്കി. ഇപ്പോൾ പഴയ പെൻഷൻകാർക്കും എതിരെയും ആക്രമണം. കേന്ദ്ര പെൻഷൻകാർക്ക് ഈ പുതിയ നിയമം നടപ്പിലാക്കിയാൽ തുടർന്ന് സംസ്ഥാന സർക്കാർ പെൻഷൻകാർക്കും നടപ്പിലാക്കും എന്ന കാര്യത്തിൽ സംശയമില്ല.

നിലവിലുള്ളവ നിലനിർത്താനും നിഷേധിക്കപ്പെട്ട അവകാശങ്ങൾ തിരിച്ചു പിടിക്കാനും വേണ്ടിയുള്ള ഏറ്റവും ന്യായമായ ഈ പോരാട്ടങ്ങൾ വിജയിപ്പിക്കുക.

വി എ എൻ 14.08.2025