മന്ത്രിമാരും എം എൽ എ മാരും ഒക്കെ ആയാൽ അല്പസ്വല്പം ഗൗരവം കൂടും, പഴയ പരിചയക്കാരെ ഒക്കെ കണ്ടാൽ മറവി രോഗം വരും എന്നൊക്കെയാണ് സാധാരണ പറയാറ്.
പക്ഷെ എന്റെ അനുഭവം എന്തോ മറിച്ചാണ്. കുറച്ചു ദിവസം മുമ്പ് അത് വീണ്ടും ആവർത്തിക്കപ്പെട്ടു.
കോഴിക്കോട് നിന്നു
തിരുവനന്തപുരത്തേക്ക് ഒരു യോഗത്തിന്ന് പോകാൻ രാത്രി വണ്ടിക്ക് ടിക്കറ്റ് കിട്ടാത്തത് കൊണ്ട് വൈകുന്നേരത്തെ വന്ദേഭാരതിന്നു കയറി രാത്രി പത്തുമണിക്ക് തിരുവനന്തപുരത്തെത്തി. കുറച്ചു കാലമായുള്ള പതുക്കൻ നടത്തവുമായി ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക്. ചില പോലീസുകാർ സൂപ്പർ വയോജനമെന്നു കണക്കിലെടുത്തു ക്യൂവിൽ നിൽക്കാൻ നിർബന്ധിക്കാതെ ഓട്ടോ റിക്ഷ ടിക്കറ്റ് തരും. പക്ഷെ മിക്കവാറും ക്യൂവിൽ നിൽക്കുക തന്നെയാണ് പതിവ്.
ക്യൂവിലേക്ക് പോകാൻ നോക്കുമ്പോഴാണ് ഒരു പോലീസുകാരൻ കൈ പിടിച്ചു നിർത്തുന്നത്. ‘ സാറ് വിളിക്കുന്നു ‘ എന്ന് പറഞ്ഞു സമീപത്തുള്ള കാറിന്നരികിലേക്ക് നയിക്കുന്നു. സുന്ദരമായ ചിരിയുമായി മന്ത്രി സ. എം ബി രാജേഷ്. ‘ എവിടെയാ പോകേണ്ടത് ഞാൻ കൊണ്ടാക്കാം. കാറിൽ കയറിക്കോളൂ.’ ഓട്ടോ റിക്ഷ കി ട്ടാൻ വിഷമമില്ലെന്നു പറഞ്ഞെങ്കിലും കയറിയിരിക്കാൻ നിർബന്ധിച്ചു.
പിൻ സീറ്റിൽ മന്ത്രിയുടെ അടുത്ത്. ഞാൻ സാധാരണ താമസിക്കാറുള്ള പി & ടി കോഓപ്പറേറ്റീവ് സൊസൈറ്റി പരിസരത്തു കാർ നിർത്തി എന്നെ അവിടെ ഇറക്കി. അതിലിടക്ക് പഴയ കാര്യങ്ങൾ അയവിറക്കലും പുതിയവയും. എന്റെ പുതിയ പുസ്തകം ഒരു കോപ്പി കൊടുക്കാനും കഴിഞ്ഞു. അതിലിടക്ക് ഒരു നന്ദി പറയാൻ പോലും മറന്നു പോയി എന്ന് തോന്നുന്നു.
മന്ത്രിമാരുടെ കാറിൽ അടുത്തൊന്നും കയറിയിട്ടില്ല. ഇപ്പോൾ ആ കുറവും നികത്തപ്പെട്ടു.
വി എ എൻ 03.05.2025
