വീൽ ചെയറിൽ ഇരുന്ന് എയർ പോർട്ടിലൂടെ നീങ്ങുന്നതും ഒരു പ്രത്യേക അനുഭവമാണ്.

ഇന്നലെ ചെന്നൈ AIBDPA സർക്കിൾ കോൺഫെറൻസിൽ പങ്കെടുത്ത് എയർ പോർട്ടിലേക്ക് പുറപ്പെട്ടപ്പോൾ അല്പം വൈകി. വൈകിയതിൽ ഒരു വിഷമവും ഉണ്ടായില്ല. കാരണം ആ സമയത്തൊക്കെ ചെന്നൈയിലെ 50 ഓളം വരുന്ന സീനിയർമാരായ പ്രവർത്തകർക്കും നേതാക്കൾക്കും AIBDPA ജനറൽ സെക്രട്ടറി സ. കെ ജി ജയരാജനും ഞാനും കൂടി പൊന്നാട അണിയിക്കുകയും ഉപഹാരങ്ങൾ നൽകുകയുമായിരുന്നു. നല്ലൊരു സംഖ്യ സ്ത്രീകളുമായിരുന്നു. നമ്മളെല്ലാം ‘ ‘വയോകുമാരന്മാരും വയോകുമാരി മാരും’ ( Seenagers ) ആണെന്ന് ഞാൻ പറഞ്ഞത് അവര്ക്കിഷ്ടപ്പെട്ടെന്ന് അവരുടെ നിറഞ്ഞ ചിരിയിൽ നിന്നും വ്യക്തമായിരുന്നു.

16.30 നെങ്കിലും എയർപോർട്ടിൽ എത്തണം. പക്ഷെ പുറപ്പെട്ടത് 15.40 ന്നു ശേഷം. ഡ്രൈവർ സ. ശേഖർ വളരെ ശ്രമിച്ചെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞു 4.45 ന്നേ എയർപോർട്ടിൽ എത്തിയുള്ളു. പ്രവേശന കവാടത്തിൽ നല്ല തിരക്ക്. ബോർഡിങ് പാസ്സ് എടുക്കാൻ അകത്തെത്തിയപ്പോൾ അവിടെയും തിരക്ക്. ഇൻഡിഗോ കമ്പനിയുടെ ഒരു ജീവനക്കാരനെ കണ്ടു ബോർഡിങ് പാസ്സ് എടുത്തു തരാൻ അഭ്യർധിച്ചു. ബോർഡിങ്ങ് പാസ്സ് നൽകുമ്പോൾ എന്നോട് വീൽ ചെയർ വേണമോ എന്നന്വേഷിച്ചു. ഒട്ടേറെ ദൂരം നടക്കാനുള്ളത് കൊണ്ടും എന്റെ നടത്തം ഒട്ടു പതുക്കെ ആയതു കൊണ്ടും സമയത്തിന്റെ കുറവ് കൊണ്ടും അതാണ്‌ നല്ലതെന്ന് എനിക്കും തോന്നി.

വീൽ ചെയർ കൈകാര്യം ചെയ്ത കോൺട്രാക്ട് തൊഴിലാളി വളരെ സ്നേഹത്തോടുംവേഗതയിലും സെക്യൂരിറ്റിയും മേലോട്ടും താഴോട്ടുമുള്ള ലിഫ്റ്റുകളുമെല്ലാം കടത്തി സമയത്തിന്ന് ബോർഡിങ്ങ് പോയിന്റിൽ എത്തിച്ചു. ചായയും മേടിച് കൊണ്ട് തന്നു. എന്ത് കൃത്യത!

ബോർഡിങ്ങ് പോയിന്റിനടുത്തായുള്ള കസേരകളിലൊന്നിൽ സമാധാനത്തോടെയിരുന്നു ചായ കുടിക്കാൻ തുടങ്ങി. അപ്പോഴാണ് അടുത്തിരുന്ന ചെറുപ്പക്കാരൻ എവിടെക്കാണെന്ന് ചോദിച്ചത്. കോഴിക്കോട്ടെന്ന് മറുപടി നൽകി. ചെറുപ്പക്കാരൻ താൻ പൈലറ്റ് ആണെന്നും കോഴിക്കോട്ടേക്കാണെന്നും കൂടെയുള്ളത് എയർ ഹോസ്റ്റസ് ആണെന്നും പറഞ്ഞു. രണ്ടു പേരും കോഴിക്കോട് പോയി പിറ്റേന്ന് രാവിലെയുള്ള ഫ്ലൈറ്റിൽ പോകേണ്ടവരാണ്. ഒരു പൈലറ്റുമായും എയർ ഹോസ്റ്റസ്സുമായും ഡ്യൂട്ടിയിലല്ലാതെ ആദ്യമാണ് സംസാരിക്കുന്നത്. അന്യോന്യം പരിചയപ്പെട്ടു. ജെഫും സാറയും. ചെന്നൈ സ്വദേശികൾ. കുറച്ചു സംസാരിക്കുമ്പോഴും ബോർഡിങ്ങ് സമയമായി. ആദ്യം തന്നെ പോകുന്ന അവർ എന്റെ ബാഗുകളും എടുത്തു കൂടെക്കൂട്ടി. ഞാൻ എടുക്കാമെന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല. ബസിലും വിമാനത്തിൽ കയറി ബാഗുകൾ വെക്കുന്നതെല്ലാം അവർ തന്നെ. അതിനിടയിൽ ഒട്ടേറെ ചെറുതും വലുതുമായ കാര്യങ്ങൾ സംസാരിച്ചു.

കോഴിക്കോട് എത്തി എയർപോർട്ടിനു പുറത്തേക്ക് എത്തുന്നത് വരെ ബാഗുകൾ അവരുടെ കയ്യിൽ തന്നെ. വിമാനത്തിൽ കയറിയ ശേഷം ഭക്ഷണം വേണ്ടേ എന്നും അന്വേഷണം. ടിക്കറ്റ് ബുക്ക്‌ ചെയ്യുമ്പോൾ സർക്കിൾ സെക്രട്ടറി ഭക്ഷണം കൂടി ബുക്ക്‌ ചെയ്തിട്ടുണ്ടെന്നു ഞാൻ അവരോട് പറഞ്ഞു.

കോഴിക്കോട് എത്തി ഞാൻ ടാക്സിയിൽ കയറുന്നതു വരെ അവർ അവരുടെ കാർ നിർത്തി കാത്തു നിന്നു. മിനിറ്റുകളുടെ പരിചയം മാത്രമുള്ള അവർ എന്തൊരു കരുതലാണ് കാണിച്ചത്? ഇനിയും എവിടെ വെച്ചെങ്കിലും കാണാം എന്ന് വിട പറഞ്ഞു പിരിഞ്ഞു.

ഉന്നത ജോലിക്കാരായിട്ടും, മുൻപരിചയമില്ലാതിരുന്നിട്ടും അവരുടെ സ്നേഹവും കരുതലും എന്നെ ഒട്ടേറെ അത്ഭുതപ്പെടുത്തി, എന്റെഹൃദയത്തെ സ്പർശിച്ചു. പുതിയ തലമുറയും തുറന്നു സ്നേഹിക്കാൻ ഒട്ടും പിറകിലല്ലെന്നു ഒരിക്കൽ കൂടി ബോധ്യപ്പെടുത്തി. നമ്മൾ തീർച്ചയായും ഇനിയും കാണും.

ഒരു മണിക്കൂറിൽ കുറവ് സമയം കൊണ്ട് താമസ സ്ഥലത്തേക്ക് എത്തി. പറഞ്ഞ സമയത്ത് എത്തിയത് പങ്കജത്തിന്നും സന്തോഷമായി.

വി എ എൻ 09.03.2025

May be an image of 3 people and text that says "ខ្នាខសមលស្ស அகில இந்திய BSNL-DOT BSNL- ஒய்வூதியர் சங்கம் AIBDPA สร சென்னை தொலைபேசி மாநிலச் சங்கம் பதிவு எண். S68836/2010 ன்சன் மாற்றம், மருத்துவ வசதி மேம்பாடு கோரி புதுடெல்லியில் JF, NCCPA தர்ணா 21.07.2023 .2023 24 & 25.08.2023 12 13 நவம்பர் 2024 21.07 4வது U கில மாநாடு"