വലുതാണ് നമ്മൾ, വലുതെന്നു കാണുകയും വേണം.
രണ്ടു ദിവസങ്ങൾക്കു മുമ്പ് ആശുപത്രിയിൽ ഡോക്ടരെ കാണാൻ പോയപ്പോൾ നല്ല ഉയരമുള്ള ഒരു ചെറുപ്പക്കാരനെ കണ്ടു. മടിച്ചു മടിച്ചാ ണെങ്കിലും എത്രയാണ് ഉയരം എന്ന് അന്വേഷിച്ചു. ഒരു മടിയും കൂടാതെ ചിരിച്ചു കൊണ്ട് പറഞ്ഞു ‘ 6 അടി 4 ഇഞ്ച് ‘.
ഏകദേശം ഒരു മാസത്തിനു മുൻപ് റെയിൽവേ സ്റ്റേഷനിൽ വെച്ച നല്ല ഉയരം തോന്നിച്ച ഒരു പെൺകുട്ടിയോടും ഉയരം അന്വേഷിച്ചു : 6 അടി 1 ഇഞ്ച്.
ഉയരം മാത്രമല്ല, വണ്ണവും, തൂക്കവും വർധിച്ചു വരുന്നു. അതെ മനുഷ്യന്റെ ശരീരവും തലച്ചോറും എല്ലാം വർധിച്ചു വരിക തന്നെയാണ്. മാറ്റങ്ങൾ കൂടുതൽ വേഗത്തിൽ സംഭവിക്കുന്നു. അതിനനുസരിച്ചു ആവശ്യമായ മാറ്റങ്ങൾ നമ്മളും വരുത്തണം.
ഇത്തരുണത്തിലാണ് മുമ്പെഴുതിയ ഒരു കുറിപ്പ് പ്രസക്തമാകുന്നത്. അത് വീണ്ടും താഴെ കൊടുക്കുന്നു :
ആറടി മണ്ണ് പോരാ…
ലോകം മുഴുവൻ പിടിച്ചു കുലുക്കുന്ന വിപ്ലവകരമായ ഒരു മാറ്റം നിശ്ശബ്ദമായി നടന്നു കൊണ്ടിരിക്കുന്നത് എത്രത്തോളം ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നു അറിയില്ല. മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്നതാണീ മാറ്റം.
പണ്ട് പറയുന്നത് പോലെ ഒരു മനുഷ്യന് അന്ത്യ വിശ്രമത്തിന്നു ഇനി ആറടി മണ്ണ് പോര. പുതിയ തലമുറയിലെ ഒരുപാട് പേർക്ക് ആറടിയിൽ കൂടുതൽ വേണം.
ആജാനബാഹുവായ പുരുഷൻ എന്ന് പറയുമ്പോൾ ആറടി ഉയരവും അതിനു തക്ക വണ്ണവും തൂക്കവു മൊക്കെയുള്ളവരെയാണ് മുൻപ് മനസ്സിൽ കണ്ടിരുന്നത്.
പുതിയ തലമുറ ഈ കണക്കുകളെയൊക്കെ മാറ്റി മറിച്ചിരിക്കുന്നു. ഇന്നത്തെ തലമുറയിൽ പലരും 6′ 5 “, 6′ 6” ഉയരമുള്ളവരാണ്. ഇവരുടെ എണ്ണം വർധിക്കുകയാണ്. ഇതിൽ കൂടുതൽ ഉയരമുള്ളവരെയും ധാരാളം കാണാം. ബാസ്കറ്റ് ബോൾ കോർട്ടിലും, വോളിബോൾ കോർട്ടിലും, ബോക്സിംഗ് ഗോദയിലുമൊക്കെ വളരെ കൂടുതൽ ഉയരവും തടിയും തൂക്കവുമുള്ളവരെ കാണാം.
ചില ഉദാഹരണങ്ങൾ :
1. ഖിയോർക്കേ മുരെസമൻ 7′ 7″.
2. മാത്യു മാക്ഗ്രോറി 7′ 6″
3. യാവോ മുംഗ് 7′ 6″
4. ആദ്രേ ദ ജയന്റ് 7 ‘ 4″
5. കെൽവിൻ പീറ്റർ ഹാൾ 7′ 3″
7 അടിയിലധികം പൊക്കമുള്ള ഒട്ടേറെ പേർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് ; അതിൽ കൂടുതലുള്ളവരും.
ഏറ്റവുമധികം ഉയരത്തിനുള്ള റെക്കോർഡ് റോബർട്ട് വാൽഡോവിനാണ്, 8′ 11.1″. തൂക്കം 199 കിലോഗ്രാം. ചില പ്രത്യേക ഹോർമോണുകളുടെ അമിത വർദ്ധനവാണ് കാരണമായി പറയുന്നത്. ഇരുപത്തി രണ്ടാം വയസ്സിൽ മരിച്ചു.
സ്ത്രീകളിലും നല്ല ഉയരം ഉള്ളവർ ധാരാളം. അവരുടെയും പൊക്കവും തൂക്കവും വർധിച്ചു വരുന്നു.
അപ്പോൾ ആറടി മണ്ണിന്നു പകരം ആറര അടി, ഏഴടി മണ്ണ് വേണ്ടിവരും എന്ന് വ്യക്തം.ശവപ്പെട്ടികളുടെ നീളവും വണ്ണവും കൂട്ടേണ്ടി വരും.
ഇത് ഒരു അസാധാരണ പ്രതിഭാസമല്ല. സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യന്റെ ശരീരവും കായികക്ഷമതയുമെല്ലാം മെച്ചപ്പെട്ടിട്ടുണ്ട്. ഒളിമ്പിക്സിലും മറ്റും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കപ്പെടുന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കുന്നവർ കൂടിക്കൊണ്ടിരിക്കുന്നു.
മകൻ, അച്ഛനെക്കാളും, മകൾ അമ്മയെക്കാളും ചിലപ്പോൾ അച്ഛനെക്കാളും ഉയരം വെക്കുന്നു. പെൺകുട്ടികൾ ആറടിയിൽ കൂടുതൽ ഉയരം വെക്കുന്നത് ഇന്ന് അത്ഭുതമല്ല.
കുട്ടികൾ വലുതാകുമ്പോൾ തൂക്കത്തിലും ശക്തിയിലുമെല്ലാം മുൻപത്തെ തലമുറയെക്കാൾ മെച്ചമായിരിക്കും; സമ്മതിച്ചു കൊടുക്കാൻ പലപ്പോഴും നമ്മൾ തെയ്യാറായില്ലെങ്കിലും.
മനുഷ്യകുലത്തിന്റെ ആദ്യകാല ഘട്ടത്തിൽ നിർമിച്ചിരിക്കുന്ന ഗുഹകളിലേക്കും ക്ഷേത്രങ്ങളിലേക്കും മറ്റും എത്ര കുനിഞ്ഞിട്ടാണ് പോകേണ്ടിവരുന്നത് എന്നത് നമ്മുടെ അനുഭവമല്ലേ. നമ്മളെക്കാളും ഉയരം കുറഞ്ഞവരായിരുന്നു അവർ.
ഗുണകരമായ പുതിയ മാറ്റങ്ങൾക്കനുസൃതമായി ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും മാറ്റം അനിവാര്യമായിരിക്കുന്നു. നമുക്ക് ചില കാര്യങ്ങൾ പരിശോധിക്കാം.
കിടക്കുന്ന കട്ടിലിന്റെ കാര്യം ആദ്യം എടുക്കാം. ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറായിരുന്ന ജോൺ കെന്നെത്ത് ഗാൽബ്രയിത്തിന്റെ ഉയരം 6 അടി 9 ഇഞ്ച് ആയിരുന്നു. ഇന്ത്യയിൽ എവിടെ പോകുമ്പോഴും അദ്ദേഹത്തിന് കിടക്കാൻ പ്രത്യേകം കട്ടിലും മറ്റും ഒരുക്കേണ്ടി വന്നത് പലർക്കും ഓർമയുണ്ടായിരിക്കും.
കട്ടിൽ മാത്രമല്ല, കസേര , മേശ, ബെഞ്ച് തുടങ്ങി പലതും വലുതാക്കേണ്ടി വരും. കസേരയിലിക്കുമ്പോൾ മേശക്ക് കാൽ മുട്ടാത്ത രീതിയിൽ ഉയരം വേണം. മുറിയുടെ, വാതിലിന്റെ, ജനലിന്റെ എല്ലാറ്റിന്റെയും ഉയരം കൂട്ടണം. ഫാനുകൾ കൂടുതൽ ഉയരത്തിൽ ഉറപ്പിക്കണം. അടുക്കളയിൽ അടുപ്പും മറ്റു വെക്കുന്ന പണി സ്ഥലത്തിന്ന് ഉയരം കൂട്ടേണ്ടി വരും.
വിമാനത്തിലെ ഇരിപ്പിടങ്ങൾ തമ്മിലുള്ള ദൂരം വർധിപ്പിക്കണം. (ഇൻഡിഗോ മാതിരിയുള്ള ലോ കോസ്റ്റ് വിമാനങ്ങളിലെ ഇരിപ്പിടങ്ങൾ തമ്മിലുള്ള ദൂരം ഇപ്പോൾ തന്നെവളരെ കുറവാണ്); ബസ്സുകളിലെയും. ബസ്സുകളുടെയും , മറ്റു റോഡ് വാഹനങ്ങളുടെയും കതകുകൾ മാറ്റേണ്ടി വരും. സൈക്കിളുകളുടെ , ബൈക്കുകളുടെ ഉയരവും.( ചില മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു ).
തീവണ്ടിയുടെ ഇരിപ്പിടത്തിൽ തുടങ്ങി ശുചിമുറിയിലെ കൈപ്പിടി അടക്കം എല്ലാം മാറ്റം വരുത്തണം. യൂറോപ്യൻ ടോയ്‌ലെറ്റിന്നു ഉയരം കൂട്ടണം, അല്ലെങ്കിൽ ഇരിക്കാൻ വിഷമമാകും.
പേനകൾക്കും പെൻസിലുകൾക്കും നീളം കൂട്ടണം. നോട്ട് പുസ്തകങ്ങൾക്ക് വലുപ്പം വേണം. ( മാറ്റം വന്നു തുടങ്ങി. കോളേജ് നോട്ട് പുസ്തകങ്ങൾ, സർക്കാർ പ്രചാരണ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവക്ക് വലുപ്പം കൂടി തുടങ്ങി ).
ചവിട്ടു പടികൾക്ക് വീതി കൂട്ടണം, അല്ലെങ്കിൽ കാൽ മുഴുവൻ കൊള്ളുകയില്ല. മുറിയുടെ, ജനലുകളുടെ, വാതിലുകളുടെ എല്ലാം ഉയരം കൂട്ടണം. കെട്ടിടങ്ങളുടെ എല്ലാ ഭാഗങ്ങളിലും മാറ്റം ആവശ്യമാവും. മതിലുകളുടെ ഉയരം കൂട്ടണം.
ഉയരത്തോടൊപ്പം കനവും കൂടും. ലിഫ്റ്റിൽ ഇന്നത്തേതിൽ കുറവ് ആളുകളെ മാത്രമേ കയറ്റാൻ പറ്റുകയുള്ളു.
പണി ആയുധങ്ങളുടെ നീളവും വർധിപ്പിക്കാതെ നിവൃത്തിയില്ല.
‘ഉയർന്നവരായ ‘ പുതിയ തലമുറയുടെ ജീവിതം മെച്ചപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങൾ നിരവധിയാണ്. എല്ലാ മേഖലയിലും മാറ്റം വേണ്ടിവരും. കൂടുതൽ വിശദീകരിക്കുന്നില്ല.
രസകരമായ കാര്യം, ഈ തത്വം നേരത്തെ മനസ്സിലാക്കിയവരാണ് തുണിക്കച്ചവടക്കാരും, തുന്നൽകാരും, ഹോട്ടൽക്കാരും മറ്റ് പലരും. മുണ്ടുകളുടെ, തോർത്തുകളുടെ തുടങ്ങി വസ്ത്രങ്ങളുടെ, വണ്ണവും നീളവും ഇപ്പോൾ തന്നെ ഒട്ടേറെ വർധിപ്പിച്ചിട്ടുണ്ട്. റെഡിമെയ്ഡ് ഷർട്ടുകൾ, പാന്റ്റുകൾ, സാരികൾ, നൈറ്റികൾ തുടങ്ങിയവയുടെ എല്ലാം നീളവും വണ്ണവും കൂട്ടിയിരിക്കുന്നു. വിരികൾ, പുതപ്പുകൾ, ഷാളുകൾ എല്ലാം വലുതായിരിക്കുന്നു. ബെൽറ്റുകൾക്ക് എത്രയാണ് നീളം? തൊപ്പികൾ വലുതായിരിക്കുന്നു.സോപ്പുകൾ, സുഗന്ധ എണ്ണക്കുപ്പികൾ എല്ലാം വലുത് തന്നെ. മാലകൾക്കും വളകൾക്കും നീളവും വലുപ്പവുംകനവും കൂടിക്കൊണ്ടേയിരിക്കുന്നു.
ഹോട്ടലുകളിൽ ചോറിന്റെയും, ബിരിയാണിയുടെയും അളവും, ചപ്പാത്തിയുടെയും, ദോശയുടെയും, ഇഡ്ഡലിയുടെയും, വടയുടെയും, പഴം പൊരിയുടെയും മറ്റും വലുപ്പവും നല്ലവണ്ണം വർധിച്ചില്ലേ? ( വില വർധിപ്പി ച്ചത് ഇതിനപ്പുറവും. മുഴുവൻ കഴിക്കാനാവാതെ ബാക്കിയാക്കുന്നവർ ധാരാളം; പ്രത്യേകിച്ചും പ്രായമുള്ളവർ ).
ചുരുക്കത്തിൽ ഒരു മനുഷ്യന്റെ ഉയരം 7 അടി എന്നെങ്കിലും കണക്കാക്കി അതിനനുസരിച്ചു എല്ലാ രംഗത്തും മാറ്റം വരുത്തേണ്ടതിനെക്കുറിച്ച് ഗൗരവമായി സർക്കാരുകളും ജനങ്ങളും ആലോചിച്ച വേണ്ട മാറ്റം വരുത്താൻ സമയമായിരിക്കുന്നു.
മാറ്റം അനിവാര്യം.
വി എ എൻ നമ്പൂതിരി

All reactions: