തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് യോഗ ഗുരു പതഞ്ജലി രാംദേവിന് സുപ്രീം കോടതിയുടെ നിശിതവിമർശനം.
ഇത്തരുണത്തിൽ പല പരസ്യങ്ങൾക്കും എത്രത്തോളം സത്യസന്ധത ഉണ്ട് എന്ന കാര്യം പരിശോധനാ വിധേയമാക്കേണ്ടതാണ്. പ്രത്യേകിച്ചും ആരോഗ്യത്തെയും ചികിത്സയെയും ബാധിക്കുന്ന പരസ്യങ്ങളിൽ. സുപ്രീം കോടതി പരാമർശം അതിന്റെ യഥാർഥ അർത്ഥത്തിൽ എടുത്താൽ മിക്കവാറും പരസ്യങ്ങൾ പിഴ അടക്കേണ്ടി വരും.
ഇപ്പോൾ പത്രങ്ങളിലും ടി വി കളിലും റോഡ് അരികിലും, പൊതുസ്ഥലങ്ങളിലും കെട്ടിടങ്ങളിന്മേലും, വാഹനങ്ങളിലും എല്ലാം വൻ പരസ്യങ്ങൾ ആണ്. മാസത്തിൽ പകുതി ദിവസങ്ങളിലെങ്കിലും മുൻ നിര പത്രങ്ങളിലെ ആദ്യ പേജുകൾ മുഴുവൻ പരസ്യമാണ്. ഇതിനിടെ ഒന്ന്, രണ്ടു പത്രങ്ങളിൽ ആദ്യ മൂന്നു പേജുകളിലും പരസ്യം മാത്രം. മറ്റു പത്രങ്ങളും അത് തുടർന്നേക്കാം. കുറച്ചു കാലത്തിന്നുള്ളിൽ പകുതിയിലേറെ പേജുകൾ പരസ്യങ്ങളായി മാറാം. ( പത്രങ്ങൾ, ചാനലുകൾ എന്നിവയുടെ ഒരു പ്രധാന വരുമാന മാർഗം പരസ്യങ്ങളാണ് എന്ന കാര്യം മറന്നുകൊണ്ടല്ല ഇതെഴുതുന്നത് )..
കോർപ്പറേറ്റ് ഭീമന്മാർ മിടുക്കന്മാരാണ്. അവർ പത്രങ്ങളും ചാനലുകളും പല വഴികളിലൂടെ കൈക്കലാക്കുക മാത്രമല്ല, വാർത്തകൾക്ക് പകരം പരസ്യങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നു. അസത്യത്തെ സത്യമാക്കി അവതരിപ്പിക്കുന്നു. സത്യത്തിനു പകരം അവർക്കു പ്രാധാന്യം പണമാണ്.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും അസത്യവുമായ പരസ്യങ്ങൾക്കെതിരെ സർക്കാരുകളും പൊതുപ്രവർത്തകരും രംഗത്തിറങ്ങുമോ? അല്ല, പഴയ രീതിയിൽ മൗനം പാലിക്കുമോ?
വി എ എൻ 12.05.2024