കേരളീയർ അക്ഷമരാകുന്നോ? അക്രമികളാകുന്നോ ? കുറ്റ കൃത്യങ്ങൾ വർധിക്കുന്നുവോ?
കുറച്ചു കാലമായുള്ള പത്ര റിപ്പോർട്ടുകൾ പരിശോധിച്ചാൽ കേരളത്തിൽ അക്രമ സംഭവങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും ബലാത്സംഗങ്ങളും വർധിക്കുന്നുണ്ടോ എന്ന സംശയം ഉയരുന്നു. പഴയ കണക്കുകൾ കൂടി പരിശോധിച്ചാൽ മാത്രമേ കൃത്യമായി പറയാൻ കഴിയുകയുള്ളു. ഒരു പക്ഷെ പഴയതിൽ നിന്നും വ്യത്യസ്തമായി ഓരോ സംഭവവും റിപ്പോർട്ട്‌ ചെയ്യുന്നത് കൊണ്ടും ആവാം.
ആശ്വാസകരമായ ഒരു കാര്യം കുറ്റവാളികളെ എല്ലാം അതിവേഗത്തിൽ പിടി കൂടാൻ കഴിയുന്നു എന്നതാണ്. സി സി ടി വി, കേമറകൾ, മൊബൈൽ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളും ശാസ്ത്രീയമായ വിശകലനങ്ങളും പോലീസിന്റെ കൃത്യമായ അന്വേഷണങ്ങളും സഹായകമാവുന്നു.
ട്രാഫിക് തർക്കങ്ങൾ, പ്രണയ നൈരാശ്യം, സ്വത്ത്‌ തർക്കം, കുടുംബ കലഹം, മയക്കു മരുന്ന് – സ്വർണക്കടത്ത്‌ , കടുത്ത ജോലി സമ്മർദം, മത ഭ്രാന്ത്‌, രാഷ്ട്രീയ വൈരാഗ്യം, പരീക്ഷാ പരാജയം തുടങ്ങി
ഒട്ടേറെ കാരണങ്ങൾ കുറ്റകൃത്യങ്ങൾക്ക് കാരണമായി കാണാം. കുറച്ചു കൂടി ക്ഷമ ഉണ്ടായിരുന്നെങ്കിൽ, ഉപദേശിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ, പല കുറ്റ കൃത്യങ്ങളും നടന്നില്ലെന്നു വരാം.
സിനിമകളിലെയും പുസ്തകങ്ങളിലെയും മറ്റും കുറ്റകൃത്യങ്ങൾ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.
28.3.2024 ന്റെ ഒരു റിപ്പോർട്ട്‌ അനുസരിച് ഇന്ത്യയിൽ ഒരു ലക്ഷം പേർക്ക് ശരാശരി 445.9 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കാണുന്നത്. കേരളവും കുറ്റകൃത്യങ്ങളിൽ വളരെ പിറകിലല്ല. ഇത് നമുക്ക് പൊതുവിൽ അപമാനകരമാണ്. ഒരു പക്ഷെ മറ്റു സംസ്ഥാനങ്ങളിൽ കൃത്യമായ കേസ് റിപ്പോർട്ടിങ് ഇല്ലാത്തതാകാം കാരണം. എങ്കിൽ പോലും കേരളത്തിന്‌ ആശ്വസിക്കാൻ വഴിയില്ല.
കേരളീയർ വിദ്യാഭ്യാസമുള്ളവരാണ്, സംസ്കാര സമ്പന്നരാണ്, തെറ്റും ശരിയും തിരിച്ചറിയാൻ കഴിവുള്ളവരുമാണ്. അത്തരത്തിലുള്ള ഒരു സമൂഹത്തിൽ അക്രമങ്ങൾ കുറയുകയാണ് വേണ്ടത്.
മന:ശാസ്ത്രജ്ഞന്മാരും രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ഒക്കെത്തന്നെ കൂടിയിരുന്നു എങ്ങിനെ കുറ്റ കൃത്യങ്ങൾ കുറക്കാൻ കഴിയുമെന്ന് പരിശോധിക്കണം.
വി എ എൻ 06.05.2024