സാർ, മാഡം, ജീ, ശ്രീ…
പ്രമുഖ വ്യക്തികൾ, മന്ത്രിമാർ, മേലുദ്യോഗസ്ഥന്മാർ, ആഫീസർമാർ തുടങ്ങി ആദരണീയരും, അധികാര സ്ഥാനത്തു ഇരിക്കുന്നവരുമായ ആളുകളെ എങ്ങിനെയാണ് അഭിസംബോധന ചെയ്യേണ്ടത് എന്ന് പലർക്കും സംശയം ഉണ്ടാകാറുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്തെ രീതിയിൽ സാർ എന്ന അഭിസംബോധന സാധാരണമാണ്. മിലിട്ടറിയിലും മറ്റും ഇത് ഔദ്യോഗികമായി തുടരുന്നു. ആഫീസർമാരെ സാധാരണ രീതിയിൽ അഭിസംബോധന ചെയ്യുന്നത് ഈ രീതിയിലാണ്. സ്ത്രീകളെ മാഡം എന്നും വിളിക്കും. കേരളത്തിൽ പുരുഷനായാലും സ്ത്രീ ആയാലും സാർ വിളിക്ക് കുഴപ്പമില്ല. തങ്ങളുടെ യജമാന ഭക്തി കാണിക്കുന്നതിനു ഇടക്കിടെ സാർ പറയുന്നവരുമുണ്ട്. സ്കൂളിൽ കുട്ടികൾ അധ്യാപകരെ സാർ / ടീച്ചർ എന്നാണ് വിളിക്കാറ്. മറ്റൊരാളെ കുറിച്ച് പറയുമ്പോൾ സാർ കൂട്ടിച്ചേർത്തു അരവിന്ദൻ സാർ, കൃഷണൻ സാർ, ഗീത മാഡം, സംഗീത മാഡം എന്നിങ്ങനെയും പറയും. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും മറ്റും അധ്യാപികമാരെ മിസ്സ് എന്നാണ് വിളിക്കുക.
ഹിന്ദിമേഖലയിൽ സർവസാധാരണമാണ് ജീ സംബോധന. പേരിന്റെ അവസാനം ജീ ചേർത്ത് വിളിക്കുന്നതും സാധാരണം. സാർജീ ന്നു സാറും ജീയും കൂട്ടി വിളിക്കുകയും ചെയ്യും. മന്ത്രിജീ, ഡയറക്ടർ ജീ തുടങ്ങി ഔദ്യോഗിക പദവിയോടൊപ്പവും ആകാം. സ്ത്രീയെയും പുരുഷനെയും ജീ കൂട്ടി വിളിക്കാം. സാർ വിളി പോലെ തന്നെ ഇടക്കിടക്ക് ജീ, ജീ എന്നും പറയാം.
മൂന്നാമത്തേത് ശ്രീ ആണ്. സാധാരണമല്ലെങ്കിലും പലരും ശ്രീ ഉപയോഗിച്ചും അഭിസംബോധന ചെയ്യാറുണ്ട്.
ഇതിൽ ഏതാണ് കൂടുതൽ ഉചിതവും സുഖവും ആയിട്ടുള്ളത് എന്ന് പരിശോധിക്കാം. എല്ലാം വിവിധ മേഖലകളിൽ, വിവിധ സന്ദർഭങ്ങളിൽ, വിവിധ ബന്ധങ്ങളിൽ വിളിക്കുന്നത് കൊണ്ട് ഏത് മെച്ചം എന്നൊന്നും ഒറ്റ വാക്കിൽ പറയാനാകില്ല.
അഭിസംബോധന ചെയ്യുന്ന ആളെ ബഹുമാനിക്കുന്നതിലേറെ, തന്റെ താഴ്മയും വിധേയത്വവും സൂചിപ്പിക്കുന്നതാണ് സാർ വിളി. മിലിട്ടറിയിലും മറ്റും മേലുദ്യോഗസ്ഥന്റെ ആജ്ഞ തലയിലേറ്റി സ്വീകരിക്കുന്ന വാക്ക് കൂടിയാണത്. അത് ഒരു വിദേശ വാക്കും ഇംഗ്ലീഷ്കാരുടെ സംഭാവനയുമാണ്. വിളിക്കുന്നവന് ചിലപ്പോൾ അപകർഷതാ ബോധവും ഉണ്ടാകും. എങ്കിലും സാർ വിളിക്കാണ് പ്രചാരം.
ജീ എന്നത് ഹിന്ദി വാക്കാണ്. ബഹുമാനപൂർവം വിളിക്കുന്ന വാക്ക്. പലപ്പോഴും പേരോട് കൂടിച്ചേർത്തു വിളിക്കും. അതിൽ വിളിക്കുന്നവന്നു അധമബോധം വരുന്നില്ല. തിരിച്ചും ജീ ചേർത്ത് വിളിക്കാം. സാർ / മാഡം വാക്കിനു ആ സാധ്യതയില്ല.
ഇതെല്ലാം ചേർത്ത് നോക്കുമ്പോൾ പേരിനോട് ചേർത്തോ, അല്ലാതെയോ ജീ വിളിക്കുന്നതാണ് കൂടുതൽ ഉചിതവും സുഖവും എന്ന് തോന്നുന്നു. ശരിയായിരിക്കാം, അല്ലായിരിക്കാം.
അഭിപ്രായം പറയുമല്ലോ.
വി എ എൻ 05.05.2024

<img class="x16dsc37" role="presentation" src="data:;base64,” width=”18″ height=”18″ />
All reactions:
Sreekumar G Puam Sreekumar, Hemanth Kumar and 37 others