
സ്കൂൾ പ്രായം കൂട്ടേണ്ടേ, കൊച്ചു കുഞ്ഞുങ്ങൾക്ക് കളിക്കേണ്ടേ?
സ്വാതന്ത്ര്യം കിട്ടുമ്പോൾ ഇന്ത്യൻ പൗരന്റെ ശരാശരി ആയുസ്സ് 37 വയസ്സ് ആയിരുന്നു. അതിനും കുറച്ചു വർഷങ്ങൾക്ക് മുമ്പ് 35 ഉം. ഇപ്പോൾ കേരളത്തിൽ പുരുഷന്റെ ശരാശരി വയസ്സ് 77 ഉം സ്ത്രീയുടെത് 79 ഉം. ഇനിയും വർധിക്കാൻ സാധ്യത.
ഗാന്ധിജി വിവാഹം കഴിക്കുമ്പോൾ പ്രായം 13. കസ്തൂർബായിക്ക് 14. ബി ആർ അംബേദ്കർ വിവാഹം കഴിക്കുമ്പോൾ പ്രായം 15. രമാബായിക്ക് 9. ഗുരു നാനാക്കിന് വിവാഹ സമയത്ത് പ്രായം 14, സുഖാനിക്ക് 10. അബ്ദുൽ കലാം ആസാദിന് 13. ഇന്നാകട്ടെനിയമ പ്രകാരം ചുരുങ്ങിയ വിവാഹ പ്രായം വരന്നു 21 ഉം വധുവിന്ന് 18 ഉം ആണെങ്കിലും രണ്ടു പേരും വിവാഹം കഴിക്കുന്നത് മിക്കവാറും 25 വയസ്സിനു മേലെ. ഉന്നത വിദ്യാഭ്യാസവും കഴിഞ്ഞു ജോലി കിട്ടുമ്പോൾ 25 കഴിയും. അതിന്നു ശേഷം വിവാഹം.
പണ്ട് മിക്കവാറും പേർ മട്രിക്കലേഷൻ / എസ് എസ് എൽ സി പാസ്സായി 18 ന്റെയും 20ന്റെയും ഇടയിൽ ജോലിയിൽ കയറിയിട്ടുണ്ടാവും. ഇപ്പോൾ ജോലി കിട്ടുന്നത് മിക്കവാറും 25 ന്നും 35 ന്നും ഇടക്കാണ്. ചിലപ്പോൾ 40 ഉം ആവും.
അഞ്ചു വയസ്സാകുമ്പോഴാണ് ഇപ്പോൾ സ്കൂളിൽ ചേർക്കുന്നത്. പണ്ട് മുതലേ അത് തന്നെ. മാത്രമല്ല 3 വയസ്സായാൽ എൽ ജി കെ യും പിന്നെ യു ജി കെ യും. മറ്റെല്ലാ രംഗത്തും വയസ്സ് കൂടുമ്പോൾ കുഞ്ഞുകുട്ടികളുടെ കാര്യത്തിൽ മാത്രം ഒരു ദയയുമില്ല.
പണ്ട് 5 വയസ്സിൽ സ്കൂളിൽ ചേരുന്നത് വരെ കുട്ടികൾ കളിച്ചു വളർന്നവരാണ്. എൽ കെ ജി യും യു കെ ജി യും ഒന്നുമില്ല. കുഞ്ഞാകുമ്പോൾ കളിക്കാൻ അവസരം വേണം. ഔപചാരിക വിദ്യാഭ്യാസമല്ല വേണ്ടത്. മറ്റെല്ലാറ്റിനും വയസ്സ് കൂടിയത് പോലെ ഔപചാരിക വിദ്യാഭ്യാസത്തിന്നും വയസ്സ് കൂടേണ്ടേ?
കേന്ദ്ര സർക്കാറിന്റെ നാഷണൽ എഡ്യൂക്കേഷൻ പോളിസി നിർദേശമനുസരിച് 6 വയസ്സാണ് സ്കൂൾ പ്രായം. യു പി, ബംഗാൾ, തമിഴ് നാട് തുടങ്ങി മിക്കവാറും സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കി. കർണാടകത്തിൽ 5.5 വയസ്സാണെന്നു അറിയുന്നു. ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യങ്ങളിലൊന്നായ ഫിൻലാൻഡിൽ അത് 7 വയസ്സാണ്. യു കെ യിൽ ഇപ്പോഴും 5 തന്നെ.
പെട്ടെന്ന് വിദ്യാഭ്യാസ പ്രായം അഞ്ചിൽ നിന്നും ആറാക്കി ഉയർത്തുമ്പോൾ ആദ്യ വർഷത്തിൽ കുറവ് അഡ്മിഷൻ, അധ്യാപകരുടെ തസ്തികയിൽ വരുന്ന കുറവ്, രക്ഷിതാക്കളിൽ നിന്നും പരാതി തുടങ്ങി പല പ്രശ്നങ്ങളും വരും. എങ്കിൽ പോലും കുട്ടികൾക്ക് കളിച്ചു വളരുവാനുള്ള അവരുടെ അവകാശം അംഗീകരിക്കാതിരിക്കാനാവില്ല. മറ്റൊന്ന്, അഖിലേന്ത്യ അടിസ്ഥാനത്തിലും ലോകത്തിലാകെയുമുള്ള മാറ്റങ്ങൾ കണ്ടില്ലെന്നു നടിക്കാൻ പറ്റുമോ?
വിദ്യാഭ്യാസ വിചക്ഷണരും ഭരണാധികാരികളും മാതാപിതാക്കളുംസമൂഹവും തീർച്ചയായും ചിന്തിക്കേണ്ട ഒരു സുപ്രധാന പ്രശ്നമാണിത്. കൊച്ചു കുഞ്ഞുങ്ങൾക്ക് കളിക്കാനുള്ള അവകാശം, വളർന്ന മനുഷ്യരുടെ സൗകര്യത്തിന്നു വേണ്ടി നൽകാതിരിക്കാൻ കഴിയുമോ?
വി എ എൻ 04.05.2024


<img class="x16dsc37" role="presentation" src="data:;base64,” width=”18″ height=”18″ />
All reactions:
Purushottam Hedawoo, Kattakada Ramachandran and 2 others