അകത്തു വേറെ, പുറത്ത് വേറെ…, ഒരു മാറ്റം വേണ്ടേ?
കേരളീയർ വിദ്യാ സമ്പന്നരാണ്, വൃത്തിയുള്ളവരാണ്, മാന്യമായി പെരുമാറാൻ അറിയുന്നവരാണ്. പല കാര്യങ്ങളിലും കേരളം ഇന്ത്യയിൽ ഒന്നാമതാണെന്ന് മാത്രമല്ല വികസിത മുതലാളിത്ത രാജ്യങ്ങളോട് കിട പിടിക്കുന്നതുമാണ്.
വൃത്തിയുടെ കാര്യം എടുക്കാം. സ്വന്തം വീടും ചുറ്റുപാടും എത്ര വൃത്തിയായാണ്, ഭംഗിയായാണ് നാം സൂക്ഷിക്കുന്നത്! ചെറിയൊരു പൊടി കണ്ടാൽ പോലും ഉടൻ അതെടുത്തു കളയും. സ്വീകരണ മുറി എത്ര സുന്ദരമായാണ് ഒരുക്കിയിരിക്കുന്നത്?
പക്ഷെ പുറത്തിറങ്ങിയാൽ നമ്മൾ മറ്റൊരാളായി മാറുന്നു. സിഗററ്റും ബീഡിയും വലിച്ചു കഴിഞ്ഞാൽ കുറ്റി റോഡിൽ വലിച്ചെറിയുന്നു. വീട്ടിൽ നിന്നു കയ്യിൽ കരുതിയ പാഴ് വസ്തുക്കളും ഭക്ഷണാവശിഷ്ടങ്ങളും അടങ്ങിയ പൊതി അപ്പുറവും ഇപ്പുറവും നോക്കി റോഡിന്റെ അരികിലേക്ക് ഇടുന്നു. കാറിൽ നിന്നും ചോക്ലേറ്റിന്റെയും ഐസ് ക്രീമിന്റെയൊക്കെ ശേഷിപ്പുകൾ വലിച്ചെറിയപ്പെടുന്നു. എത്ര പഴയ ചെരി പ്പുകളും, ഷൂവും ഒക്കെയാണ് റോഡരികിൽ!
ഹോട്ടലുകളിലെല്ലാം ചവറ്റുകൊട്ടകൾ പല സ്ഥലങ്ങളിലുമായി വെച്ചിരിക്കുന്നത് കാണാം. എന്നാൽ കൈയും മുഖവും തുടച്ച കടലാസോ, പണം കൊടുത്ത ശേഷമുള്ള ബില്ലോ അവയിലിടാതെ നിലത്തിടുന്നത് സാധാരണം. കുറെ കടലാസുകളാവുമ്പോൾ അവിടുത്തെ ജീവനക്കാർ അവയെടുത്തു കൊട്ടയിലിടും.
നല്ല രീതിയിൽ സംരക്ഷിക്കുന്ന പാർക്കുകൾ നമുക്കുണ്ട്. വൃത്തിയായി സൂക്ഷിക്കണമെന്ന ബോർഡുകളുമുണ്ട്. എന്നാലും ചിലർ കഴിച്ച ഭക്ഷണ അവശിഷ്ടങ്ങളും, കടലാസ്സുകളുമൊക്കെ ചവറ്റു കൊട്ടകളിലിടാതെ പാർക്കിൽ തന്നെ വലിച്ചെറിയുന്നു. കടലപ്പൊതികളും, ഐസ് ക്രീം കപ്പുകളും, കടലാസ് പ്ലേറ്റുകളുമൊക്കെ ബീച്ചിലും പാർക്കിലുമൊക്കെ നിറഞ്ഞു കാണും. ഇങ്ങിനെ മലിനമാക്കുന്നതു ശരിയല്ലെന്ന് അറിയുന്നവർ പോലും ഒന്നും പറയില്ല. എങ്ങിനെയായിരിക്കും പ്രതികരണം എന്ന് പറയാൻ പറ്റില്ലല്ലോ.
തീവണ്ടികൾ പൊതുസ്വത്താണ്. പലപ്പോഴും ശുചി മുറിയിൽ കയറാൻ തന്നെ വിഷമം തോന്നും. വെള്ളം ഒഴിക്കാത്തതു കൊണ്ടുള്ള രൂക്ഷ ഗന്ധം. ടോയ്ലറ്റ് കടലാസുകൾ പലപ്പോഴും താഴെ നിലത്തുണ്ടാകും.
വണ്ടിയുടെ ഇടനാഴിയിൽ വലിയ ചവറ്റു സഞ്ചികൾ ഉണ്ടെങ്കിലും, ചായ കുടിച്ച കപ്പുകളും പ്ലേറ്റുകളും മറ്റും തീവണ്ടിക്കകത്തു അങ്ങോട്ടുമിങ്ങോട്ടും ഉരുണ്ടു കളിക്കുന്നുണ്ടാകും. ചിലർ പുറത്തേക്കു വലിച്ചെറിയും. റെയിലിന്റെ രണ്ടു വശവും ഇവ കൂട്ടിക്കിടക്കുന്നതും കാണാം.
മതപരമായ ഉത്സവങ്ങളും മറ്റും കഴിഞ്ഞാൽ അവിടങ്ങളിൽ നിന്നും കൊട്ടക്കണക്കിന്ന് മാലിന്യ വസ്തുക്കൾ പിറ്റേന്ന് നീക്കി വൃത്തിയാക്കേണ്ടി വരും.
ശുചിത്വത്തിന്റെയും വൃത്തിയുടെയും കാര്യത്തിൽ നാം ഒരുപാട് മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും ഇനിയും ഒട്ടേറെ മുന്നോട്ട് പോകാനുണ്ട്. പൊതുസ്ഥലങ്ങൾ, വീടുകൾ പോലെ തന്നെ, വൃത്തിയായിരിക്കണമെന്ന ഒരു നിർബന്ധ ബുദ്ധി നമുക്ക് വേണം. ഒരു നല്ല മാറ്റം അത്യാവശ്യം.എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയേ അത് സാധ്യമാകൂ.
വി എ എൻ നമ്പൂതിരി 01.05.2024

<img class="x16dsc37" role="presentation" src="data:;base64, ” width=”18″ height=”18″ />
All reactions:
Haridasan Nambiar, Mgs Kurup and 5 others