ഞാൻ തിരക്കിലാണ്..
ധാരാളം സ്ഥലമുണ്ടെങ്കിലും, റിസർവേഷൻ ഉണ്ടെങ്കിലും, തീവണ്ടി വന്നു ആൾക്കാർ ഇറങ്ങിക്കഴിയുന്നതിന്നു മുൻപേ, എനിക്ക് ആദ്യം വണ്ടിയിൽ കയറണം. പ്രായമായവരും കുട്ടികളും സ്ത്രീകളുമൊന്നും എനിക്ക് പ്രശ്നമല്ല. അവർ സൗകര്യത്തിൽ കയറിക്കോട്ടെ. അതേപോലെ തന്നെ തിരക്കിലൂടെ വാതിൽക്കലെത്തി വണ്ടി നിന്നാൽ ആദ്യം എനിക്ക് ഇറങ്ങണം…
വണ്ടിയിൽ നിന്നും ഇറങ്ങി ഓട്ടമാണ് പെയ്ഡ് ഓട്ടോ സ്റ്റാൻഡിലേക്ക്. അവിടെ ക്യൂ നിൽക്കുന്നവരെ കണ്ടില്ലെന്നു നടിച്ചു മുൻപിലെത്തി ടിക്കറ്റ് എടുക്കണം. ക്യൂവിലുള്ളവരുടെ വെറുപ്പ് നോട്ടങ്ങൾ കണക്കിലെടുക്കാതെ എങ്ങിനെയും ആദ്യത്തെ ഓട്ടോവിൽ തന്നെ കയറും..
വിമാനത്തിൽ കയറാനും ഇറങ്ങാനുമൊക്കെ എനിക്ക് ഇതേ തിരക്കാണ്. ടാക്സി പിടിക്കാനും..
എനിക്ക് സീബ്ര ലൈൻ തീരെ ഇഷ്ടമല്ല. ഞാൻ സ്കൂട്ടറിലൊ, കാറിലൊ പോകുമ്പോൾ നടന്നു പോകുന്ന ദരിദ്രവാസികൾക്ക് വേണ്ടി എന്തിനാണ് ഇടക്കിടക്കെ റോഡ് മുറിച്ചു കടക്കാൻ സീബ്ര ലൈനും അതിന്നു മുൻപേ കാർ / വാഹനങ്ങൾ നിർത്താൻ വരയും വരച്ചു വെച്ചിരിക്കുന്നത്. ഞാൻ അത് കണക്കാക്കാറേയില്ല. സീബ്ര ലൈനിനു തൊട്ടേ നിർത്തുള്ളൂ. കാൽ നടക്കാർ ബേജാറായി ഓടി മറുവശം പോകുന്നത് കാണാൻ എന്ത് സുഖമാണ്!
ഇരുചക്രവാഹനമോ, കാറോ ഓടിക്കുമ്പോൾ എനിക്ക് നല്ല വേഗതയിൽ പോയേ പറ്റൂ. ഇടതു, വലതു തിരിഞ്ഞു മറ്റു വാഹനങ്ങളെ മറി കടന്നു പോയില്ലെങ്കിൽ എനിക്ക് ഒരു സുഖവുമില്ല ; ഞാൻ തിരക്കിലല്ലേ. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഹോൺ ഇടക്കിടെ അടിച്ചു എന്റെ തിരക്ക് മറ്റുള്ളവരെ അറിയിക്കണം, അവർ എനിക്ക് വഴിമാറിതരണം.
കടയിൽ പോയാലും, അവിടെ ആളുകൾ കാത്തുനിന്നാലും സാധനങ്ങൾ എനിക്ക് ആദ്യം കിട്ടണം. എനിക്ക് തിരക്കല്ലേ. എങ്ങിനെയും ഞാൻ ഒപ്പിച്ചെടുക്കും.
വിവാഹത്തിന് പോയാൽ, ഭക്ഷണം കഴിക്കാൻ ഞാൻ ആദ്യ പന്തിയിൽ തന്നെ ഉണ്ടാവും. വിവാഹ ചടങ്ങുകൾ കഴിയുന്നതിനു മുൻപേ തന്നെ, ഡൈനിംഗ് ഹാളിലെത്തി ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും. വധൂ വരന്മാരെ കണ്ടു ആശംസ നൽകുന്നതെല്ലാം പിന്നെയാവാം. ഞാൻ തിരക്കിലല്ലേ?
ഹോട്ടലുകളിൽ അകത്തു സീറ്റുകൾ എല്ലാം പൂർണമായി, മറ്റുള്ളവർ തങ്ങളുടെ ഊഴത്തിന് കാത്തു നിൽക്കുമ്പോൾ, ടോയ്‌ലെറ്റിൽ പോകണമെന്ന് പറഞ്ഞു ഞാൻ അകത്തു കയറും. പിന്നെ ഭക്ഷണം കഴിച്ച ശേഷം മതിയല്ലോ ടോയ്ലറ്റ്.
അതേ ഞാൻ തിരക്കിലാണ്, എല്ലാ ഇടങ്ങളിലും ഞാൻ ആയിരിക്കണം ആദ്യം. മറ്റു നിയമങ്ങളും ചിട്ടകളും ഒന്നും എനിക്കു ബാധകമല്ല. പിടിച്ചു പോയാൽ പറയാൻ വേണ്ടി ഒന്ന് രണ്ടു എം പി മാരുടെയും എം എൽ എ മാരുടെയും പോലീസ് ഉദ്യോഗസ്ഥന്മാരുടെയും മറ്റും പേരും അവരോടുള്ള അടുപ്പവും റെഡിയായി കയ്യിലുണ്ട്. പിന്നെന്തിനു പേടിക്കണം?
ഇത് ഇവിടെ, കേരളത്തിൽ. US ലൊ, ഗൾഫിലോ, യു കെ യിലോ മറ്റു വിദേശ രാജ്യങ്ങളിലെവിടെപ്പോയാലും ഞാൻ നിയമം കൃത്യം കൃത്യമായി പാലിക്കും. അവിടെ എനിക്ക് തിരക്കില്ല. കാരണം എന്റെ ലൈസൻസ് നഷ്ടപ്പെടാനോ , ജയിലിൽ പോകാനോ എനിക്കിഷ്ടമല്ല. മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ മാനം കാക്കേണ്ടവരല്ലേ നമ്മൾ!
എനിക്ക് തിരക്കാണ്, അത് കൊണ്ട് എല്ലാവരും എനിക്ക് വഴി മാറിതരണം. മനസ്സിലായല്ലോ?
Good