വിവാഹങ്ങൾ , സമ്മേളനങ്ങൾ, യോഗങ്ങൾ, യാത്രകൾ, കലാ പരിപാടികൾ, ഉത്സവങ്ങൾ…..
ഇവയൊക്കെ ആസ്വദിക്കുന്നവരാണ് നമ്മൾ മിക്കവരും. എന്നാൽ ഇതോടൊപ്പമോ, ഇതിൽ കൂടുതലോ സന്തോഷം നൽകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.
വളരെക്കാലമായി കാണാൻ കഴിയാതിരുന്ന പല സഖാക്കളെയും സുഹൃത്തുക്കളെയും, ബന്ധുക്കളെയും ഒക്കെ കാണാം, സംസാരിക്കാം, പരിചയം പുതുക്കാം. പുതിയ ആളുകളെ പരിചയപ്പെടാം.
അനുഭവങ്ങൾ പങ്കു വെക്കാം. തമാശ പറയാം. ഒന്നിച്ചു ഭക്ഷണം കഴിക്കാം. വിട്ടുപോയവരെക്കുറിച്ച് ഓർമിക്കാം. അപകടങ്ങളിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവങ്ങൾ ഓർത്തു ചിരിക്കാം.
പിന്നെ ഇപ്പോഴത്തെ സുഖവിവരങ്ങളും അസുഖവിവരങ്ങളും പങ്കുവെക്കാം. മക്കളെക്കുറിച്ചും കൊച്ചുമക്കളെക്കുറിച്ചും അവരുടെ ജോലിയെക്കുറിച്ചും മറ്റും പൊങ്ങച്ചം പറയാം. അതെ, സമയം പോകുന്നതറിയില്ല.
തിരിച്ചു വരുമ്പോൾ മനസ്സ് പതുക്കെ ഓർമിപ്പിക്കും, ‘ ഇനിയും എത്ര നാൾ? ‘. അതിനുത്തരവും മനസ്സ് തന്നെ പറയും, ‘ഒരുപാട് നാൾ ‘. അതെ ‘ഒരു പാട്, ഒരുപാട് നാളുകൾ!’.