വാക്കുകളിലെ സ്ത്രീവിവേചനം അവസാനിപ്പിക്കുക

വിവിധമേഖലകളിലെന്ന പോലെ തന്നെ, സ്ത്രീവിവേചനം നമ്മൾ ഉപയോഗിക്കുന്ന വാക്കുകളിലും കാണാവുന്നതാണ്.

മനുഷ്യരല്ലാത്ത, പ്രകൃതിയിലെ ചരാചര വസ്തുക്കളെയും ജീവജാലങ്ങളെയും സൂചിപ്പിക്കുന്ന ബഹുവചനങ്ങൾ നോക്കുക :

പർവതങ്ങൾ, മലകൾ, നദികൾ, സമുദ്രങ്ങൾ, താഴ് വരകൾ, മരങ്ങൾ, വൃക്ഷങ്ങൾ, ചെടികൾ, കാടുകൾ …

പശുക്കൾ, സിംഹങ്ങൾ, മാനുകൾ, കുതിരകൾ, ആനകൾ, പാമ്പുകൾ, പക്ഷികൾ, പട്ടികൾ, പുഴുക്കൾ, പൂച്ചകൾ, എലികൾ……

പുസ്തകങ്ങൾ, വീടുകൾ, കെട്ടിടങ്ങൾ, മേശകൾ, ജനലുകൾ, വാതിലുകൾ, അലമാരകൾ, പേനകൾ, കത്തുകൾ…..

മിക്കവാറും എല്ലാ പദങ്ങളും അവസാനിക്കുന്നത് ‘ കൾ ‘, ‘ ങ്ങൾ ‘ എന്നീ അക്ഷരങ്ങളിലാണ്.

ഇനി മനുഷ്യരിലേക്ക് വരാം. പുരുഷൻ, സ്ത്രീ എന്നീ രണ്ടു വിഭാഗത്തിലും ബഹുവചനങ്ങൾ വരുമ്പോൾ എങ്ങിനെയാണ്?
വൃദ്ധന്മാർ … വൃദ്ധകൾ
ചെറുപ്പക്കാർ….. ചെറുപ്പക്കാരികൾ
സന്യാസിമാർ … സന്യാസിനികൾ
കുമാരന്മാർ …. കുമാരികൾ
പൂജാരിമാർ ….. പൂജാരിണികൾ
മഹാന്മാർ ……. മഹതികൾ
വരന്മാർ ….. വധുക്കൾ
വിഭാര്യന്മാർ …… വിധവകൾ
പുരുഷന്മാർ …… സ്ത്രീകൾ…..

സ്ത്രീ വിഭാഗത്തിന്റെ ബഹുവചനങ്ങൾ മിക്കവയും നദികളുടെയും മരങ്ങളുടെയും മൃഗങ്ങളുടെയും പോലെ ‘കൾ ‘ ‘ങ്ങൾ ‘ എന്നതിൽ അവസാനിക്കുന്നു. എന്നാൽ പുരുഷവിഭാഗത്തിന്റേത് കൂടുതലും ‘ ന്മാർ ‘ ക്കാർ ‘ എന്ന ആദരവോടെ യുള്ള വാക്കുകളിലാണ് അവസാനിക്കുന്നത്. ഈ ആദരവ് സ്ത്രീ വിഭാഗത്തിന്നു ലഭിക്കുന്നില്ല. പുരുഷമേധാവിത്വ സമൂഹത്തിൽ സ്ത്രീക്ക് പലപ്പോഴും അർഹതപ്പെട്ട സ്ഥാനങ്ങൾ കിട്ടാറില്ലല്ലോ. ചിലപ്പോൾ അവർ ‘സാധനം ‘ മാത്രമാണല്ലോ.

എന്നാൽ കാലക്രമത്തിൽ ചില വാക്കുകൾ ‘ കൾ ‘ എന്നതിൽ നിന്നു മാറി ബഹുമാന സൂചകമായ ‘ മാർ ‘ വാക്കിലേക്ക് നീങ്ങിയിട്ടുണ്ട്. നോക്കുക :
അധ്യാപികമാർ,
രാജ്ഞിമാർ,
എയർഹോസ്‌റ്റ്സ്സുമാർ,
നഴ്സുമാർ,
രാജകുമാരിമാർ,
ചക്രവർത്തിനിമാർ….

( ഇത്തരുണത്തിൽ പണ്ട് പത്രങ്ങളിലും സംസാരിക്കുമ്പോഴും ഉപയോഗിച്ചിരുന്ന ‘ കമ്മ്യൂണിസ്റ്റുകൾ ‘ ‘സോഷ്യലിസ്റ്റുകൾ’ എന്നീ വാക്കുകൾ ‘ കമ്മ്യൂണിസ്റ്റുകാർ ‘, ‘ സോഷ്യലിസ്റ്റുകാർ ‘ എന്നായതും തിരിച്ച് ‘മാന്യന്മാരാ’ യിരുന്ന ‘ ‘കരിങ്കാലന്മാർ ‘ ‘കരിങ്കാലികൾ ‘ ആയതും ശ്രദ്ധിക്കുക ).

എന്തുകൊണ്ട് അധ്യാപികമാർ, നഴ്സുമാർ, എയർഹോസ്‌റ്റസ്സുമാർ, അമ്മമാർ എന്ന രീതിയിൽ സ്ത്രീ വിവേചനമില്ലാതെ ബാക്കി വാക്കുകളുംതാഴെ കൊടുത്ത രീതിയിൽ ഉപയോഗിച്ച് കൂടാ?

വൃദ്ധന്മാർ ….. വൃദ്ധമാർ
ചെറുപ്പക്കാർ … ചെറുപ്പക്കാരിമാർ
സന്യാസിമാർ …. സന്യാസിനിമാർ
കുമാരന്മാർ …. കുമാരിമാർ
പൂജാരിമാർ ….. പൂജാരിണിമാർ
മഹാന്മാർ …… മഹതിമാർ
വരന്മാർ …… വധുമാർ
വിഭാര്യന്മാർ …… വിധവമാർ
പുരുഷന്മാർ …… സ്ത്രീമാർ

( സ്ത്രീയുടെ ബഹുവചനമായി സ്ത്രീമാർ എന്ന വാക്ക് ഉച്ചരിക്കുവാൻ അല്പം വിഷമതയുണ്ടെന്നു ഒരു സുഹൃത്ത്‌.
‘ മേസ്ത്രിമാർ ‘ എന്ന് വിഷമം കൂടാതെ നാം പറയുന്നുണ്ടല്ലോ.)

ഭാഷാപണ്ഡിതരും സാമൂഹ്യ പ്രവർത്തകരും മഹിളാ സംഘടനകളുമെല്ലാം ആലോചിച്ചു വേണ്ട തീരുമാനം എടുക്കാൻ കഴിയുമെന്ന് ആശിക്കുന്നു.