സ. കെ ടി മുഹമ്മദ് ( 29.09.2027 – 25.03.2008 )
2024 മാർച്ച് 25, നാടകകുലപതി സ. കെ ടി മുഹമ്മദിന്റെ പതിനാറാം ചരമ വാർഷിക ദിനമാണ്. സഖാവിന്റെ ദീപ്ത സ്മരണയിൽ ആദരാഞ്ജലികൾ!
കെ ടി യുടെ 40 ഓളം നാടകങ്ങളും നൂറു കണക്കായ വേദികളിൽ അവയുടെ അവതരണവും ആസ്വദിച്ചവരാണ് കേരള ജനത. ‘ ഇത് ഭൂമിയാണ് ‘, കണ്ടം വെച്ച കോട്ട് ‘ തുടങ്ങിയ നാടകങ്ങൾ കൊല്ലങ്ങളോളം വേദികളിൽ നിറഞ്ഞു നിന്നു. അദ്ദേഹത്തിന്റെ നാടക ക്ലബ് യുവ കലാകാരന്മാർക്ക് ഒരു പരിശീലന വേദി കൂടി ആയിരുന്നു. പുരോഗമന ആശയങ്ങൾ തന്റെ നാടകങ്ങളിലൂടെ കെ ടി സമൂഹത്തിലേക്ക് പടർത്തി വിട്ടു.
കമ്പിതപാൽ വകുപ്പിൽ ഒരു ഇ ഡി പേക്കർ ആയാണ് കെ ടി മുഹമ്മദ് ജോലി ആരംഭിച്ചത്. പരീക്ഷകൾ പാസ്സായി ആദ്യം പോസ്റ്റ്മാൻ ആയും പിന്നീട് പോസ്റ്റൽ ക്ലാർക്കായും നിയമിക്കപ്പെട്ടു. കമ്പിതപാൽ തൊഴിലാളിമാരുടെ ഏക സംഘടനയായ എൻ എഫ് പി ടി ഇ യുടെ അറിയപ്പെടുന്ന നേതാവായിരുന്നു കെ ടി. ചരിത്ര പ്രധാനമായ കേന്ദ്ര ജീവനക്കാരുടെ 1960, 1968 പണിമുടക്കുകളിൽ സഖാവ് മുൻപന്തിയിലുണ്ടായിരുന്നു. 1968 ലെ പണിമുടക്കത്തെ തുടർന്നു ദീർഘകാലം സസ്പെൻഷനിൽ. പിന്നീട് സർവിസിലേക്ക് തിരിച്ചു കയറാതെ, തന്റെ പ്രിയപ്പെട്ട കലാ പ്രവർത്തനത്തിലേക്കു പൂർണമായും മുഴുകുകയായിരുന്നു.
ആ കാലഘട്ടത്തിൽ പലപ്പോഴും നാടക ക്ലബ്ബിൽ പോയതും കെ ടി യെയും വിൽസൺ സാമുവൽ, ത്രിവിക്രമൻ നായർ തുടങ്ങിയ മറ്റു കലാകാരന്മാരെയും കണ്ടു പല കാര്യങ്ങളും സംസാരിച്ചതും ഓർക്കുന്നു.
1952 ൽ സഖാവ് രചിച്ച ‘ കണ്ണുകൾ ‘ എന്ന കഥക്ക് സാർവ്വദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. അനുമോദിച്ചുകൊണ്ട് എൻ എഫ് പി ടി ഇ മാസികയിൽ വന്ന ലേഖനത്തിന്റെ കോപ്പി വളരെ കാലത്തിനു ശേഷം കെ ടി ക്കു നൽകിയപ്പോൾ സഖാവിന്റെ സന്തോഷം കാണേണ്ടതായിരുന്നു.
ഡൽഹിയിൽ താമസം മാറ്റിയതിന്നു ശേഷവും കോഴിക്കോട്ട് വരുമ്പോൾ കെ ടി യുടെ അടുത്ത സുഹൃത്തും കേന്ദ്ര ജീവനക്കാരുടെ നേതാവുമായ സ കെ രാജന്റെ കൂടെ രണ്ടു മൂന്ന് തവണ വീട്ടിൽ പോയതും സൗഹൃദം പുതുക്കിയതും ഓർമ.
കെ ടി യുടെ ആദരവായി നഗരമധ്യത്തിൽ മാനാഞ്ചിറക്കടുത്ത് കോർപറേഷൻ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പ്രതിമയിൽ കെ ടി യുടെ പേരും ജനന മരണ തീയതികളും നാടകകുലപതി എന്ന ആദരവും ചേർക്കണമെന്ന് ഞാൻ അഭ്യർത്ഥിച്ചതിനെതുടർന്നു താമസം വിനാ ആ കാര്യം നടപ്പാക്കിയതിൽ ബഹു മേയർ ഡോ ബീന ഫിലിപ്പിനെ അഭിനന്ദിക്കുന്നു. പ്രതിമ വൃത്തിയാക്കി സ്ഥലപരിമിതി കണക്കിലെടുത്തു കൊണ്ട് തന്നെ ഒരു ചുറ്റു വേലിയും മറ്റും നിർമിച്ചു വെക്കണമെന്ന് കൂടി അഭ്യർത്ഥിക്കുന്നു.
നാടകകുലപതി സ കെ ടി യുടെ ഓർമയിൽ ഒരു പിടി രക്‌തപുഷ്പങ്ങൾ!
വി എ എൻ 24. 03. 2024
