സഖാവ് എ കെ ഗോപാലൻ ( 01.10.1904 – 22.03.1977 )
പാവങ്ങളുടെ പടത്തലവൻ സ. എ കെ ജി യുടെ നാല്പത്തി ഏഴാം ചരമ വാർഷിക ദിനമാണ് ഈ മാർച്ച് 22.
പാവങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളാൽ നിറഞ്ഞ ജീവിതം. അനീതിക്കെതിരെ എന്നും ഉയർന്ന ഇടിമുഴക്കം. പാർലിമെന്റും മറ്റു ജനാധിപത്യ വേദികളും അധ്വാനിക്കുന്നവനും വേദനിക്കുന്നവന്നും വേണ്ടി സമരഭൂമിയാക്കിയ സഖാവ്. ആരോഗ്യം അനുവദിക്കാത്തപ്പോൾ പോലും സമരഭൂമികളിൽ നിറസാന്നിധ്യം. സമരമുഖങ്ങളിലെ തീജ്വാല.
സി പി ഐ ( എം ) സ്ഥാപക പി ബി നവരത്നങ്ങളിലൊരാൾ. സ്വാതന്ത്ര്യ സമര സേനാനി. പല തവണ ബ്രിട്ടീഷ് ജയിലിൽ. ജയിലിൽ നിന്നും അപകടം നിറഞ്ഞ രക്ഷപ്പെടലും. സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്റ്റ് 15 ന്നും ജയിലിൽ. ജയിലിൽ ത്രിവർണ പതാക ഉയർത്തി ആഘോഷിച്ചതും ചരിത്രം.
നിറഞ്ഞ സ്നേഹവും വാൽസല്യവും. തങ്ങളാണ് സഖാവിന്ന് ഏറ്റവും പ്രിയപ്പെട്ടവർ എന്ന് ബന്ധപ്പെടുന്നവർക്ക് ഏവർക്കും തോന്നുന്ന സവിശേഷ സൗഹൃദം.
ലക്ഷക്കണക്കിന് സാധാരണ തൊഴിലാളി പ്രവർത്തകർക്ക് എന്നും തളരാത്ത ആവേശവും ആത്മ വിശ്വാസവും.
1960, 1968, 1974 കേന്ദ്ര ജീവനക്കാരുടെയും റെയിൽവേ ജീവനക്കാരുടെയുമെല്ലാം പണിമുടക്കുകളെ ഭരണത്തിന്റെ ഇരുമ്പ് മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തിയപ്പോൾ, പതിനായിരക്കണക്കിന് പേരെ ജയിലിലടച്ചും പിരിച്ചുവിട്ടും സസ്‌പെൻഡ് ചെയ്തും ക്രൂരമായ ആക്രമണങ്ങൾ നടത്തിയപ്പോൾ, കൊടുങ്കാറ്റ് പോലെ അതിനെയെല്ലാം എതിർത്തു കൊണ്ട് രോഗം കണക്കിലെടുക്കാതെ ജീവൻ പണയം വെച്ചും കേരളമാകെ ഓടിയെത്തി ആശ്വസിപ്പിക്കുകയും ധൈര്യം പകർന്നു തരികയും ചെയ്ത സ എ കെ ജി യെ എങ്ങിനെ മറക്കാൻ!
ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ രൂപീകരണ ദിനം മാർച്ച് 22 ന്ന് തന്നെ ( 2001 ) തീരുമാനിച്ചതും സഖാവിന്റെ ഓർമയിൽ.
ഒരുപാട് ഒരുപാട് ആവേശോജ്വലമായ ഓർമ്മകൾ!
സഖാവ് എ കെ ജി യുടെ ഓർമയിൽ ഒരുപിടി രക്‌തപുഷ്പങ്ങൾ!
വി എ എൻ 21.03.2024
