ദേശാഭിമാനി – ഡൽഹി ഓർമ്മകൾ.
കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി ദേശാഭിമാനി സ്ഥിരമായി വായിക്കുന്ന ശീലം. ഇപ്പോഴും തുടരുന്നു.
ഡൽഹിയിൽ താമസമാക്കിയപ്പോൾ, അവിടെ നിന്നും പ്രസിദ്ധീകരണമില്ലാത്തത് കൊണ്ട് കോഴിക്കോട് എഡിഷൻ വരുത്തിതുടങ്ങി. പക്ഷെ മിക്കവാറും നാലഞ്ചു ദിവസം കഴിഞ്ഞേ കിട്ടൂ. മഴക്കാലമാണെങ്കിൽ പത്രം പലപ്പോഴും പകുതി പൾപ് ആയി മാറിയിരിക്കും.അതുകൊണ്ട് തപാൽ വഴി വരുത്തുന്നത് നിർത്തി.
ഡൽഹിയിലുണ്ടെങ്കിൽ ദിവസവും ദേശാഭിമാനി പത്രം ആഫീസിൽ പോവുക പതിവാക്കി. എല്ലാ ദിവസവും ആഫീസർമാരുമായി പ്രശ്നങ്ങളും മറ്റും ചർച്ച ചെയ്യുന്നതിന് DOT ഓഫീസായ സഞ്ചാർ ഭവനിൽ പോകേണ്ടിവരും. അതുകഴിഞ്ഞു തൊട്ടടുത്തുള്ള UNI ക്യാന്റീനിൽ നിന്നു ചായ കുടിച്ചു വി പി ഹൗസിലെ 215 നമ്പർ ദേശാഭിമാനി ഓഫീസിലേക്ക്. 4 മണിയാകുമ്പോഴേക്കും വിമാനത്തിൽ അയക്കുന്ന കൊച്ചി എഡിഷൻ ദേശാഭിമാനി എത്തും. പാർട്ടി നേതാക്കന്മാർക്കും, എം പി മാർക്കും മറ്റുമുള്ള കോപ്പികളുമായി. അവിടെയിരുന്നു വായിക്കും. ചർച്ച ചെയ്യും. ചിലപ്പോൾ കട്ടൻ ചായയും കിട്ടും. അടുത്ത മുറിയിൽ താമസമുണ്ടായിരുന്ന സ. ഇ.ബാലാനന്ദൻ സഖാവിനെയും പോയി കാണും.
വർഷങ്ങൾക്കിടയിൽ ദേശാഭിമാനി ബ്യൂറോ യിലുണ്ടായിരുന്ന സഖാക്കളൊക്കെയുമായി സംസാരിക്കാനും സുഹൃത്തുക്കളുമാവാൻ കഴിഞ്ഞതും ഭാഗ്യമായിക്കരുതുന്നു. ദേശാഭിമാനി കുടുംബത്തിലെ ഒരംഗത്തെ പ്പോലെ എന്നെയും അവർ കരുതി. സഖാക്കൾ പി.പി.അബൂബക്കർ, പ്രഭാവർമ, വി ബി പരമേശ്വരൻ, ജോൺ ബ്രിട്ടാസ്, എൻ എസ് സജിത്ത്, കെ എം വാസുദേവൻ, സാജൻ എ വുജിൻ, പ്രശാന്ത് തുടങ്ങി അവിടെ പ്രവർത്തിച്ച മുഴുവൻ സഖാക്കളും നൽകിയ സ്നേഹം അവിസ്മരണീയമാണ്. (പല സഖാക്കളുടെയും പേരുകൾ വിട്ടുപോയിട്ടുണ്ടാകാം. ഓർമ്മക്കുറവ് തന്നെ. ക്ഷമിക്കണം).
യൂണിയന്റെ വാർത്തകൾ ‘ ദേശാഭിമാനി’യിൽ മാത്രമല്ല, മറ്റു പത്രങ്ങളിൽ വരുന്നതിനും ദേശാഭിമാനി സഖാക്കൾ സഹായിച്ചു. ഇത്തവണ ആഗസ്റ്റിൽ എ ഐ ബി ഡി പി എ യുടെ സഞ്ചാർ ഭവൻ മാർച്ചിനോടനുബന്ധിച്ച് നടത്തിയ പത്ര സമ്മേളനത്തിന്നും നല്ല സഹായം കിട്ടി.
ഡൽഹി താമസം തുടങ്ങുന്നതിനു മുൻപ് ഡൽഹിയിൽ പോയാൽ, 4, അശോക റോഡിലെ എ കെ ജി യുടെ എം പി ക്വാർട്ടേഴ്‌സിൽ പോയി ദേശാഭിമാനി ഡൽഹി കറസ്പോൺഡന്റ് സ. നരിക്കുട്ടി മോഹനനെ കാണുന്നതും പതിവായിരുന്നു.
ഈയിടെ ഡൽഹിയിൽ പോയപ്പോഴും ദേശാഭിമാനിയിൽ പോയി സഖാക്കളെ കണ്ടു. ഒന്നിച്ചു ചായ കുടിച്ചു. പക്ഷെ പത്രം കിട്ടിയില്ല. കോവിഡ് കാലത്ത് വിമാന സർവീസുകൾ നിർത്തിയതിനെ തുടർന്നു പത്രം വരാറില്ലത്രെ. പക്ഷെ ഓൺലൈനിൽ വായിക്കാം.
പലപ്പോഴും ആലോചിക്കുകയും ദേശാഭിമാനിയുടെ ഉത്തരവാദപ്പെട്ടവരോട് അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്, ലക്ഷക്കണക്കിന് മലയാളികളുള്ള ഡൽഹിയിൽ ഒരു എഡിഷൻ അടിക്കാൻ പറ്റില്ലേ എന്ന്. സാമ്പത്തികമായി നഷ്ടമായിരിക്കും എന്നാണ് കിട്ടിയ മറുപടി. എന്തോ എനിക്ക് തൃപ്തിയായി തോന്നിയില്ല.
എൺപതാം വർഷം ആഘോഷിക്കുന്ന ഈ സമയത്തു ഒരു പുനർചിന്തനം നടത്താൻ പറ്റുമോ?